കോവളം: ചെറുപ്രായത്തിലും ജീവിതത്തിലെ പ്രാരാബ്ധങ്ങളോട് പൊരുതുകയാണ് പതിനൊന്നുകാരൻ അഭിജിത്ത്. അമ്മൂമ്മ സുധയ്ക്ക് താങ്ങായി മീൻവിൽപ്പന നടത്തി കഷ്ടംനിറഞ്ഞ ജീവിതത്തെ പുഞ്ചിരിച്ചുതോൽപ്പിക്കുകയാണ് ഈ കുരുന്ന്. പുഞ്ചക്കരി തമ്പുരാൻമുക്കിനടുത്തുള്ള കൊച്ചു വാടകവീട്ടിൽ അമ്മൂമ്മ സുധയ്ക്കും സഹോദരി അമൃതയ്ക്കുമൊപ്പമാണ് അഭിജിത്ത് കഴിയുന്നത്. കളിച്ചുനടക്കേണ്ട പ്രായത്തിൽ അവയെല്ലാം മാറ്റിവെച്ച് സൈക്കിളിൽ അലുമിനിയം ചരുവം കെട്ടിവച്ച് അമ്മൂമ്മയെ ജോലിയിൽ സഹായിക്കുകയാണ് ഈ കുട്ടി. അഭിജിത്തിന് ഒന്നരയും അമൃതയ്ക്ക് രണ്ടരവയസ്സും പ്രായമുള്ളപ്പോൾ കുട്ടികളെ അങ്കണവാടിയിൽ ഉപേക്ഷിച്ച് രക്ഷിതാക്കൾ പോകുകയായിരുന്നു. അങ്കണവാടി അധ്യാപിക വിവരമറിയിച്ചപ്പോൾ അമ്മൂമ്മയെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടികളുടെ അമ്മയുടെ അമ്മയാണ് സുധ. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസിലാണ് അഭിജിത്ത് പഠിക്കുന്നത്. എട്ടാം തരത്തിലുള്ള അമൃത പൂന്തുറ സെന്റ്ഫിലോമിനാസ് കോൺവെന്റിലും പഠിക്കുന്നു. രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് മീൻ വിൽപ്പന. ഉച്ചകഴിഞ്ഞ് പഠനം. പ്രായമേറുന്ന അമ്മൂമ്മയ്ക്ക് ഒരുപാട് നടക്കാൻ പറ്റുന്നില്ല. അമ്മൂമ്മയെ സഹായിക്കാനാണ് താൻ സൈക്കിളിൽ അവർക്കൊപ്പം മീൻവിൽക്കാൻ പോകുന്നതെന്ന് അഭിജിത്ത് പറഞ്ഞു. മീൻവിൽപ്പനയ്ക്കിടയിൽ പരിചയപ്പെട്ട പുഞ്ചക്കരി കൗൺസിലർ ഡി.വി.ശിവൻകുട്ടി ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. പഠനത്തിന് പിന്നിലല്ലാത്ത അഭിജിത്തിന് പോലീസുകാരനാകാനാണ് ആഗ്രഹം. രണ്ട് സെന്റ് ഭൂമി ഉണ്ടായിരുന്നുവെങ്കിൽ മക്കൾക്ക് കയറിക്കിടക്കാൻ ഒരിടം കിട്ടിയേനെയെന്ന് സുധ ആഗ്രഹം പ്രകടിപ്പിച്ചു. Content Highlights:Abhijith 11 year old sells fish for livelihood
from mathrubhumi.latestnews.rssfeed https://ift.tt/3x2Gibk
via
IFTTT