Breaking

Tuesday, June 29, 2021

മുഖംമിനുക്കാന്‍ പാര്‍ട്ടിയും പിണറായിയും; പ്രതിച്ഛായാ നഷ്ടം പ്രതിരോധിക്കാന്‍ കഠിനശ്രമം

കോഴിക്കോട്: വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയെങ്കിലും സമീപകാലത്തുയർന്ന എല്ലാ വിവാദങ്ങളിലും പാർട്ടിയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് സി.പി.എം. നേതൃത്വത്തെ വല്ലാതെ അലട്ടുന്നു. ഏറ്റവുമൊടുവിൽ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമൊക്കെ ഉൾപ്പെട്ട വിവാദങ്ങളും പാർട്ടിക്ക് തലവേദനയാണ്. ഇത്തരം സംഭവങ്ങളിലെല്ലാം പെട്ടെന്നുതന്നെ നടപടി സ്വീകരിച്ച് മുഖംമിനുക്കാനുള്ള കഠിനശ്രമത്തിലാണ് നേതൃത്വം- വിശേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കു പുറത്തുനിന്ന് അടുത്തകാലത്ത് ഏറ്റവുംകൂടുതൽ പഴികേട്ട സംഭവം വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്റെ പെരുമാറ്റത്തെക്കുറിച്ചുള്ളതായിരുന്നു. വനിതാകമ്മിഷൻ അധ്യക്ഷപദത്തിലിരുന്ന് പാർട്ടിയാണ് എന്റെ കോടതിയും പോലീസുമെന്നും പറഞ്ഞതിനെതിരേ വലിയ വിമർശനം ഉയർന്നപ്പോഴും പാർട്ടി നേതൃത്വം മൗനംപാലിച്ചു. എന്നാൽ, ഇത്തവണ പിറ്റേന്നുതന്നെ ജോസഫൈന്റെ രാജി ചോദിച്ചുവാങ്ങിയ പാർട്ടി നേതൃത്വം സമൂഹത്തിന്റെ വികാരം ഉൾക്കൊള്ളുകയായിരുന്നു. അതേ നിലയിലാണ് ക്വട്ടേഷൻ സംഘത്തെക്കുറിച്ചുള്ള പരാമർശങ്ങളെയും സി.പി.എം. കൈകാര്യംചെയ്യുന്നത്. അർജുൻ ആയങ്കി ഓടിച്ച കാറിന്റെ ഉടമയായി അറിയപ്പെട്ട ഡി.വൈ.എഫ്.ഐ. നേതാവിനെതിരേ നടപടിയെടുത്തും അനാശാസ്യ ഇടപാടുകളിൽ പെടുന്നവരുമായുള്ള ബന്ധം വേർപെടുത്താനും പാർട്ടി തന്നെ മുൻകൈയെടുക്കുകയാണ്. മണൽക്കടത്ത് മുതൽ കൊലപാതകം വരെയുള്ള സംഭവങ്ങളിൽ പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും ഇടപെടലുകളെച്ചൊല്ലി നേരത്തേയും ആക്ഷേപമുയർന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിൽ പരസ്യപ്രതികരണങ്ങളിൽനിന്ന് പലപ്പോഴും നേതൃത്വം ഒഴിഞ്ഞുമാറി. എന്നാൽ, ഏതാനും ദിവസങ്ങളായി പെട്ടെന്നുതന്നെ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് പാർട്ടി നടപടികൾ കൈക്കൊള്ളുന്നത് പ്രതിച്ഛായാ നഷ്ടം മുന്നിൽക്കണ്ടുകൊണ്ടുതന്നെയാണ്. ആർ.എസ്.എസുമായും ഇടക്കാലത്ത് കോൺഗ്രസുമായും സി.പി.എം. നിരന്തരം സംഘർഷങ്ങളിലേർപ്പെട്ട ഒരു കാലം കണ്ണൂരിലുണ്ടായിരുന്നു. അന്ന് എല്ലാ പാർട്ടികൾക്കും ഇതിനായി പ്രത്യേക സംഘങ്ങൾ തന്നെയുണ്ടായിരുന്നു. സംഘർഷങ്ങൾക്ക് ശമനമായതോടെ ഇവർ മറ്റു മേഖലകളിൽ കേന്ദ്രീകരിച്ചു. മദ്യശാലകൾക്ക് കാവൽ മുതൽ മണൽക്കടത്തിന് സഹായം വരെ ഇവർ ഏറ്റെടുത്തു. പിന്നീടാണ് സംഘടിത രൂപം പ്രാപിച്ച് ക്വട്ടേഷൻ സംഘങ്ങളായത്. ഇവരുടെ ചെയ്തികൾ അതിരുവിട്ടുവെന്ന തോന്നലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ സി.പി.എം. നേതൃത്വത്തിന് നൽകിയിരിക്കുന്നത്. എല്ലാ ആക്ഷേപങ്ങളെയും പെട്ടെന്ന് ഒതുക്കാനും പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള ശ്രമമാണ് സി.പി.എം. ഇപ്പോൾ നടത്തുന്നത്. ഭരണത്തുടർച്ച ലഭിച്ച ഈ ഘട്ടത്തിൽത്തന്നെ ഇത് നടത്തിയില്ലെങ്കിൽ പിന്നീട് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അവർ കരുതുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെക്കാൾ പാർട്ടിയെ പ്രയാസപ്പെടുത്തുന്നത് പൊതുസമൂഹത്തിൽ ഉയരുന്ന വികാരപ്രകടനമാണ്. അത് മറികടക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3y8s3St
via IFTTT