Breaking

Monday, June 28, 2021

ആത്മഹത്യയല്ല; ആനിയാണ് വഴി; ആനി ശിവയ്ക്ക് അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: പ്രതിസന്ധികളിൽ പതറാതെ ഒറ്റയ്ക്ക് പോരാടി ജീവിതവിജയം നേടിയ വർക്കല എസ്.ഐ. ആനി ശിവയ്ക്ക് അഭിനന്ദന പ്രവാഹം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും ആനിയുടെ നേട്ടത്തെ പ്രകീർത്തിച്ചു. മലയാളികളുടെ സാമൂഹികമാധ്യമ പേജുകളിൽ ആനിയുടെ നേട്ടത്തെക്കുറിച്ചുള്ള 'മാതൃഭൂമി' വാർത്ത പോസ്റ്റ് ചെയ്തു. ആയിരക്കണക്കിന് പേരാണ് ഈ വാർത്ത ഷെയർ ചെയ്തത്. നടൻ മോഹൻലാൽ, ശശി തരൂർ എം.പി., മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, നടൻ ഉണ്ണി മുകുന്ദൻ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തുടങ്ങിയവർ ആനിയുടെ കഥ പ്രചോദനമാണെന്ന് കുറിച്ചു. ആനി ശിവ എന്ന പോരാളിയായ അമ്മയുടെ ജീവിതകഥ പ്രചോദനാത്മകമാണെന്ന് ശശി തരൂർ എം.പി. ഫെയ്സ്ബുക്കിൽ കുറിച്ചു. ആത്മഹത്യയല്ല ആനിയുടെ വഴിയാണ് യഥാർഥ പ്രചോദനമെന്നാണ് മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് വാർത്ത പങ്കുവെച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്. ആണുങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പോലീസിലെ ഡയറക്ട് എസ്.ഐ. റിക്രൂട്ട്മെന്റ് സ്ത്രീകൾക്കായി തുറന്നുകൊടുത്തപ്പോൾ ആണുങ്ങൾക്കൊപ്പം മത്സരിച്ച് ജയിച്ച വ്യക്തിയാണ് ആനി. സ്ത്രീസുരക്ഷയ്ക്കും സ്ത്രീ ശാക്തീകരണത്തിനും വനിതാ ഓഫീസർമാർ പോലീസിൽ എത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊരു പോരാട്ടത്തിന്റെ കഥയാണ്. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ പോരാടിയ ഞങ്ങളുടെ സഹപ്രവർത്തകയുടെ ജീവിതകഥയെന്നാണ് കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലെ വരികൾ. മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ ആനിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. നൂറുകണക്കിന് ഫോൺകോളുകളാണ് ഞായറാഴ്ച വർക്കല സ്റ്റേഷനിൽ ആനിയെത്തേടിയെത്തിയത്. സ്ഥലംമാറ്റ അപേക്ഷ ഡി.ജി.പി. പരിഗണിച്ചു; ആനി ശിവ ഇനി മകനൊപ്പം കൊച്ചിയിൽ തിരുവനന്തപുരം:ജീവിതവഴിയിൽ തളരാത്ത പോരാളി വർക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയിൽ ജോലി ചെയ്യും. കൊച്ചിയിൽ പഠിക്കുന്ന മകന്റെയൊപ്പം താമസിച്ച് ജോലി ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന ആനിയുടെ അപേക്ഷ ഡി.ജി.പി. ലോക്നാഥ് ബെഹ്റ പരിഗണിക്കുകയായിരുന്നു. ആനി ശിവയുടെ ജീവിതകഥ ഞായറാഴ്ച 'മാതൃഭൂമി'യിലൂടെ വായിച്ചറിഞ്ഞതോടെ നേരത്തേ നൽകിയിരുന്ന അപേക്ഷയ്ക്ക് ഉടൻ പരിഹാരം കാണാൻ ഡി.ജി.പി. ഉത്തരവിട്ടു. തുടർന്ന് ഞായറാഴ്ച തന്നെ തിരുവനന്തപുരം റേഞ്ചിൽനിന്ന് കൊച്ചി റേഞ്ചിലേക്ക് സ്ഥലംമാറ്റി അനുകൂലമായ ഉത്തരവ് ഡി.ഐ.ജി. ഹരിശങ്കർ ഇറക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി കൊച്ചി സെൻട്രൽ സ്റ്റേഷനിൽ ആയിരുന്നു ആനി ശിവ പരിശീലനം പൂർത്തിയാക്കിയത്. ഇക്കാലയളവിൽ ആനിയും മകനും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് താമസം മാറുകയും ചെയ്തു. മകൻ സൂര്യശിവ കൊച്ചിയിലെ സ്കൂളിൽ പഠനവും തുടങ്ങി. സൂര്യശിവയെ ഒറ്റയ്ക്ക് ആക്കിയായിരുന്നു വർക്കലയിൽ എസ്.ഐ.ആയി ചുമതലയേൽക്കാൻ കഴിഞ്ഞദിവസം ആനി എത്തിയത്. കോവിഡ് കാലത്ത് മകൻ ഒറ്റയ്ക്കാണെന്നും പഠനത്തിൽ സഹായിക്കുന്നതിനായി കൊച്ചിയിലേക്ക് മാറ്റം നൽകണമെന്നായിരുന്നു അപേക്ഷ. ജീവിതം ഒറ്റയ്ക്ക് പോരാടി വിജയിച്ച് നാടിന് പ്രചോദനമായി മാറിയ ആനിയുടെ സങ്കടത്തിന് ഒടുവിൽ പോലീസ് തന്നെ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2U99mPS
via IFTTT