Breaking

Monday, June 21, 2021

ദീപശിഖ പിടിച്ച് സതീഷ് പറയുന്നു ജപ്പാൻകാർ ഒളിമ്പിക്സ് നടത്തും

തിരുവനന്തപുരം: ‘നിങ്ങൾക്ക് ഒരു ജനറലിനെ കൊല്ലണമെങ്കിൽ, ആദ്യം അവന്റെ കുതിരയെ കൊല്ലുക. യുദ്ധം ജയിക്കണമെങ്കിൽ വീടുവിട്ട് എല്ലാവരും തെരുവിലിറങ്ങുക’ -ഈ ജാപ്പനീസ് പഴഞ്ചൊല്ല് ഓർമിപ്പിച്ച് ടോക്കിയോ തെരുവിൽ ഒളിമ്പിക്സിന്റെ ദീപശിഖ ജ്വലിച്ചപ്പോൾ അതിന്റെ ഭാഗമായി ഒരു മലയാളിയും. കോവിഡിനോടും തോൽക്കില്ലെന്നുറച്ച് ജപ്പാൻ ‘ടോക്കിയോ ഒളിമ്പിക്സി’നൊരുങ്ങുമ്പോൾ, നിശ്ചയദാർഢ്യത്തിന്റെ ആ ദീപശിഖാപ്രയാണത്തിൽ പങ്കുചേർന്നത് ജപ്പാനിൽ താമസമാക്കിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും ഐ.ടി. പ്രൊഫഷണലുമായ സതീഷാണ്. ലോകത്ത് കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം ജൂലായ് 23-നു തന്നെ ഒളിമ്പിക്സ് നടത്താനുള്ള മുന്നൊരുക്കങ്ങളിലാണ് ജപ്പാൻ. ജന്മനാതന്നെ ‘ആത്മവിശ്വാസത്തിന്റെ പ്രതിരോധവാക്സിൻ’ ഉള്ളിലുള്ള ജപ്പാൻകാർ ഒളിമ്പിക്സ് മാമാങ്കത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലാണെന്ന് സതീഷ് പറയുന്നു. ടെക്‌നോപാർക്കിൽനിന്ന് പ്രോജക്ടുമായി രണ്ടു വർഷം മുൻപ് ജപ്പാനിലെത്തിയ സതീഷ്, ഇപ്പോൾ ആദം-ഐ എന്ന ഐ.ടി. കമ്പനിയുടെ ഗ്ലോബൽ സെയിൽസ് വൈസ് പ്രസിഡന്റാണ്. കോവിഡായതിനാൽ ജപ്പാനിൽ മാത്രം പര്യടനം നടത്തുന്ന ദീപശിഖയ്ക്ക് ടോക്കിയോയ്ക്കു സമീപം നിഗാത്ത എന്ന സ്ഥലത്ത് സ്വീകരണമൊരുക്കിയത് സതീഷിന്റെ കമ്പനിയാണ്. അങ്ങനെയാണ് ദീപശിഖ കൈയിലേന്താൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചത്. ഒളിമ്പിക്സ് ഇനിയും മുടങ്ങാൻ അനുവദിക്കാതെ, നിശ്ചയിച്ച ദിവസംതന്നെ നടത്താനുള്ള ഒരുക്കങ്ങളാണ് ജപ്പാനിലെങ്ങുമെന്ന് സതീഷ് പറഞ്ഞു. സ്റ്റേഡിയങ്ങളെല്ലാം തയ്യാറായി. കാണികളായി ജപ്പാൻകാരെ മാത്രം പ്രവേശിപ്പിക്കാനുള്ള നടപടികളും തുടങ്ങി. രാജ്യത്തെ പതിനായിരത്തിലേറെ പ്രമുഖരിലൂടെ കൈമാറിയാണ് ദീപശിഖയുടെ പ്രയാണം. നിഗാത്തയിൽ റാലിയെത്തിയപ്പോൾ ദീപശിഖയിൽ ഒന്നു സ്പർശിക്കുകയെങ്കിലും വേണമെന്ന തന്റെ ആഗ്രഹം സതീഷ് സംഘാടകരെ അറിയിച്ചു. അങ്ങനെയാണ് അവസരമൊരുങ്ങിയത്. ജപ്പാനിൽ കോവിഡ് വലിയ വിപത്തുകൾ വരുത്തിയിട്ടില്ല. തുടക്കം മുതൽക്കുള്ള നിയന്ത്രണംകൊണ്ട് ദിവസവും അഞ്ഞൂറിൽ താഴെ കോവിഡ് ബാധിതരേ ഉള്ളൂ. അടച്ചിടൽ ബാധകം റെസ്റ്റോറന്റുകൾക്കു മാത്രമാണ്. അതും രാത്രി എട്ടിനു ശേഷം മാത്രം. കോവിഡ് കാലത്തിനു മുൻപുതന്നെ സാമൂഹികാകലം പാലിക്കുന്നതും ജലദോഷം വന്നാൽപ്പോലും മാസ്ക് ധരിക്കുന്നതും ഇവിടുത്തുകാരുടെ ജീവിതചര്യയാണെന്നും സതീഷ് പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3j0w3zZ
via IFTTT