ലണ്ടൻ: ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണവൈറസിന്റെ പുതിയ വകഭേദം കൂടുതൽ പേരെ രോഗബാധിതരായേക്കാമെന്ന് പുതിയ പഠനറിപ്പോർട്ട്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടാനും മരണസംഖ്യ വർധിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തിയാൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനവുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ സെന്റർ ഫോർ മാത്തമാറ്റിക്കൽ മോഡലിങ് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് നടത്തിയ പഠനത്തിൽ പുതിയ വൈറസിന്റെ വ്യാപനനിരക്ക് മറ്റിനങ്ങളേക്കാൾ 56 ശതമാനം അധികമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ ഇനത്തിന് കൂടുതൽ ഗുരുതരാവസ്ഥ സൃഷ്ടിക്കാൻ കഴിവുണ്ടോയെന്ന കാര്യത്തിൽ തെളിവ് നൽകാൻ പഠനത്തിന് സാധിച്ചിട്ടില്ല. പുതിയ വൈറസ് വകഭേദത്തിന് 70 ശതമാനത്തോളം അധികം വ്യാപനശേഷിയുണ്ടെന്നായിരുന്നു നേരത്തെയുള്ള നിഗമനം. വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനുകളുടെ പ്രാഥമിക പരീക്ഷണങ്ങൾക്ക് പല രാജ്യങ്ങളും അനുമതി നൽകുകയും മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുകയും ചെയ്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ വാക്സിനുകൾ വൈറസിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണെന്നാണ് വാക്സിൻ നിർമാതാക്കളുടെ അവകാശവാദം. എങ്കിലും കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ഒന്നിലധികം വകഭേദങ്ങളുടെ കണ്ടെത്തൽ ആരോഗ്യവിദഗ്ധരിലും അധികൃതരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡിന്റെ വീണ്ടുമൊരു വ്യാപനം തടയാൻ മിക്ക രാജ്യങ്ങളും അതിർത്തികൾ അടച്ചു പൂട്ടിയിരിക്കുകയാണ്. ബ്രിട്ടൻ കൂടാതെ ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ മറ്റൊരു വകഭേദം കണ്ടെത്തിയത് ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്താൻ കാരണമായി. പുതിയതായി കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്ക് നേരത്തെയുള്ള വൈറസിൽ നിന്ന് വലിയ വ്യത്യാസമില്ലെന്നും നിലവിൽ വികസിപ്പിച്ച വാക്സിനുകൾ ഉപയോഗിച്ച് അവയെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഫൈസർ, ബയോൺടെക് എസ്ഇ തുടങ്ങിയ മരുന്നുനിർമാണക്കമ്പനികൾ പറയുന്നു. Content Highlights: New Coronavirus Strain 56 Per cent More Contagious Says Study
from mathrubhumi.latestnews.rssfeed https://ift.tt/3pkqjkw
via
IFTTT