തൃശ്ശൂർ : മാതാപിതാക്കളെ കാണാൻ കഴിയാത്തതിലുള്ള വിഷമം മാറാൻ കുഞ്ഞുമായി കറങ്ങാനിറങ്ങി തായ്ലാൻഡ് സ്വദേശിനി. വിവരമറിയാതെ നെട്ടോട്ടമോടി തൃശ്ശൂർ സ്വദേശിയായ ഭർത്താവും ഈസ്റ്റ് എസ്.ഐ. കെ. അനുദാസും. സൂപ്പർ മാർക്കറ്റ്, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ ഇവരെ അന്വേഷിച്ച് ഇവർ പോവാത്ത സ്ഥലങ്ങളില്ല. ചൊവ്വാഴ്ച 12.30-ന് വീട്ടിൽനിന്നിറങ്ങിയ ഇവർ 6.30-ന് തിരിച്ചെത്തിയതോടെയാണ് ഭർത്താവിന്റെ ശ്വാസം നേരെ വീണത്. പുഴയ്ക്കലിലെ വ്യാപാരസ്ഥാപനത്തിൽ കുഞ്ഞുമൊത്ത് സമയം ചെലവഴിക്കുകയായിരുന്നു ഇവർ. തായ്ലാൻഡിൽ പോയി മാതാപിതാക്കളെ കാണാൻ കഴിയാത്തതിന്റെ മാനസികസമ്മർദം മാറ്റാനാണ് എം.ജി. റോഡിലെ ഫ്ളാറ്റിൽനിന്ന് രണ്ടേകാൽ വയസ്സുള്ള മകനുമായി ഇവർ ഇറങ്ങിയത്. സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോവാറുണ്ട്. എന്നാൽ സമയം കഴിഞ്ഞിട്ടും വരാതായപ്പോഴാണ് ഭർത്താവ് ഈസ്റ്റ് പോലീസിൽ വിവരമറിയിക്കുന്നത്. ഇവരുടെ മൊബൈൽ ഫോൺ കേടായതിനാൽ ടവർ ലൊക്കേഷൻ കണ്ടുപിടിക്കാനായില്ല. എസ്.ഐ. അനുദാസും ഡ്രൈവർ ഷാരോണും തൃശ്ശൂരുകാരനായ ഭർത്താവും കൂടി നെട്ടോട്ടം തന്നെയായിരുന്നു. സ്ഥിരമായി പോവാറുള്ള സൂപ്പർമാർക്കറ്റിലെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ തെളിവൊന്നും ലഭിച്ചില്ല. വിദേശവനിതയായതിനാൽ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ വിളിച്ച് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അതിനിടെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും മണിക്കൂറുകളുടെ തിരച്ചിൽ. മുമ്പെപ്പോഴോ പുഴയ്ക്കലിലെ വ്യാപാരസ്ഥാപനത്തിൽ പോയതായി ഭർത്താവ് എസ്.ഐ. യെ അറിയിച്ചതോടെ ജീപ്പ് നേരെ പുഴയ്ക്കലിലേയ്ക്ക്. അവിടത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുഞ്ഞുമായി അവിടെ എത്തിയതായി തെളിഞ്ഞു. ഒരു മണിക്കൂറിലധികം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ 6.30-ന് ഭാര്യ തിരിച്ചെത്തിയതായി ഭർത്താവ് എസ്.ഐ. അനുദാസിനെ വിളിച്ചറിയിച്ചതോടെ നെട്ടോട്ടത്തിന് പര്യവസാനം. തായ്ലാൻഡിൽ ജോലിചെയ്തിരുന്ന യുവാവ് കൂടെ ജോലി ചെയ്തിരുന്ന യുവതിയെ മൂന്നുവർഷം മുമ്പാണ് വിവാഹം കഴിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/37XAlSG
via
IFTTT