Breaking

Thursday, December 31, 2020

തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഡ്രൈവിങ് ലൈസന്‍സും പാസ്‌പോര്‍ട്ടും ലഭിക്കാതെ അപുവും അനുവും

ഔദ്യോഗിക രേഖകൾക്കായി ബംഗ്ലാദേശിലെ അപു സർക്കാർ എന്ന 22 കാരന് ഓഫീസുകൾ കയറിയിറങ്ങേണ്ടി വന്നത് നിരവധി തവണയാണ്, ഈ ചെറുപ്പക്കാരന് അഡെർമറ്റോഗ്ലീഫിയ എന്ന ജനിതകത്തകരാറാണ്. അപുവിന് മാത്രമല്ല അപുവിന്റെ അച്ഛനും മുത്തച്ഛനുംസഹോദരനും ഈ അവസ്ഥയുണ്ട്-ജന്മനാ കൈകളിൽ രേഖകൾ ഇല്ലാത്ത അവസ്ഥ, മിനുസമായ ചർമം മാത്രം. ഒരു വ്യക്തിയുടെ വിരലടയാളം മറ്റൊരാളിൽ നിന്ന് തീർത്തും വ്യത്യാസമായിരിക്കും. ഇരട്ടകളുടെ കാര്യത്തിൽ പോലും സമാന വിരലടയാളമുള്ളവരെ ലോകത്തിന്ന് വരെ കണ്ടെത്തിയിട്ടില്ല. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ കാർഡ് എന്നീ പൗരത്വം തെളിയിക്കുന്ന രേഖകൾ ലഭിക്കണമെങ്കിൽ വിരലടയാളം തീർച്ചയായും നൽകണം. ലോകത്ത് വിരലിലെണ്ണാവുന്ന കുടുംബങ്ങളിൽ മാത്രം തലമുറകളായി കൈമാറി വരുന്ന ഒരവസ്ഥയായാണ് അഡെർമറ്റോഗ്ലീഫിയ(Adermatoglyphia) കണ്ടെത്തിയിട്ടിട്ടുള്ളത്. SMARCAD 1 ജീനിലുണ്ടാകുന്ന വ്യതിയാനമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. 2007-ൽ സ്വിറ്റ്സർലൻഡിലാണ് ഒരു യുവതിയിൽ ഈ അത്യപൂർവഅവസ്ഥ ശ്രദ്ധയിൽ പെട്ടത്. യുഎസിലേക്ക് പോകാൻ പാസ്പോർട്ടിനപേക്ഷിച്ചതോടെയാണ് അവർക്ക് വിരലടയാളമില്ലാത്ത അവസ്ഥ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ അവരുടെ കുടുംബത്തിലെ ഒമ്പതോളം പേർക്ക് അഡെർമറ്റോഗ്ലീഫിയ കണ്ടെത്തിയിരുന്നു. അപുവിനും സഹോദരൻ അനുവിനും ഇക്കാരണത്താൽ നേരിടേണ്ടി വന്ന വിഷമതകൾ ചില്ലറയല്ല. ബയോമെട്രിക് രേഖകൾ നിർബന്ധമാക്കിയതോടെ സിം കാർഡുൾപ്പെടെയുള്ളവ വാങ്ങാൻ ഇവർക്ക് സാധിക്കുന്നില്ല. മുത്തച്ഛന്റെ കാലത്ത് ഇതിന്റെ ബുദ്ധിമുട്ട് അത്രത്തോളം അനുഭവപ്പെട്ടിട്ടില്ല. അപുവിന്റെയും അനിയന്റെയും കാലത്താണ് ബയോമെട്രിക് രേഖകൾ കൂടുതൽ നിർബന്ധമാകുന്നത്. 2008 ലാണ് ബംഗ്ലാദേശിൽ വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയൽ രേഖ വിതരണം ചെയ്യാനാരംഭിച്ചത്. അഡെർമറ്റോഗ്ലീഫിയയുള്ള കൈകൾ | Photo : Twitter / @UNBCNursing അച്ഛൻ അമൽ സർക്കാരിന് വിരലടയാളം നൽകാനാവാത്തതിനാൽ പരീക്ഷകൾ കടന്നെങ്കിലും ഡ്രൈവിങ് ലൈസൻസ് ലഭിച്ചില്ല. അമലിന് ഈയടുത്ത കാലത്താണ് വോട്ടർ കാർഡ് ലഭിച്ചത്. NO FINGERPRINT എന്ന് പതിച്ചാണ് കാർഡ് നൽകിയത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ പാസ്പോർട്ട് അനുവദിച്ചു. പക്ഷെ വിദേശയാത്ര നടത്താൻ കഴിഞ്ഞിട്ടില്ല. അപുവിന്റെ അമ്മാവനും വിരലടയാളത്തിന്റെ അഭാവം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ അപുവിനും അനുവിനും പുതിയ തരത്തിലുള്ള തിരിച്ചറിയൽ കാർഡ് ബംഗ്ലാദേശ് സർക്കാർ അനുവദിച്ചു നൽകി. പക്ഷെ മൂന്ന് തലമുറകളായി തുടരുന്ന ഈ ജനിതകവ്യത്യാനം മൂലം ഈ ചെറുപ്പക്കാർക്ക് ഫോണിന്റെ സിം കാർഡും ഡ്രൈവിങ് ലൈസൻസും പാസ്പോർട്ടുമൊക്കെ ലഭിക്കാൻ കടക്കേണ്ട ദീർഘമായ കടമ്പകളേറെ. ആവശ്യമെങ്കിൽ നിയമസഹായം തേടാമെന്നും ഇവർ കരുതുന്നു. പാസ്പോർട്ട് ലഭിച്ചാൽ ബംഗ്ലാദേശിന് പുറത്ത് പോകാമെന്ന ആഗ്രഹത്തിലും പ്രതീക്ഷയിലുമാണ് അപു. Content Highlights: The family with no fingerprints


from mathrubhumi.latestnews.rssfeed https://ift.tt/3htvCeT
via IFTTT