Breaking

Wednesday, December 30, 2020

ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത കാര്യം; വേദനയില്‍ ആരാധകര്‍

ചെന്നൈ : രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശ പ്രഖ്യാപനത്തെ ആവേശത്തോടെ വരവേറ്റ ആരാധകർ നിരാശയിലാണ്. 'വാ, തലൈവ വാ' എന്ന് രജനിയെ രാഷ്ട്രീയത്തിലേക്ക് വരവേറ്റവരുടെ പ്രതികരണം ഏറെ ദുഃഖത്തോടെയായിരുന്നു. വലിയ വിഷമം തോന്നുവെന്നും എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മറ്റു മാർഗമില്ലെന്നുമാണ് രജനിയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച ആരാധകർ പറയുന്നത്. അതേസമയം ഇത്തരം ഒരു തീരുമാനമെടുത്ത തന്റെ വേദന തനിക്കുമാത്രമേ അറിയൂവെന്നാണ് രജനിയുടെ വിശദീകരണം. ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത കാര്യമാണ് രജനിയുടെ തീരുമാനമെന്നാണ് അദ്ദേഹത്തിന്റെ വീടിനുമുന്നിൽ കൂടിയ ആരാധകരിൽ പലരും പറഞ്ഞത്. തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആരാധകർ ചെന്നൈ പോയസ് ഗാർഡനിലെ വീടിനുസമീപം റോഡിൽ ധർണ നടത്തി. എന്നാൽ, പോലീസ് എത്തി ഇവരെ നീക്കുകയായിരുന്നു. രാഷ്ട്രീയപ്രവേശത്തിൽനിന്ന് പിൻമാറുന്നതിനുള്ള തീരുമാനം സങ്കോചത്തോടെ മാത്രമേ തനിക്ക് അറിയിക്കാൻ സാധിക്കുന്നുള്ളൂ. ആരാധകരും മക്കൾ മൻട്രം പ്രവർത്തകരും അടക്കമുള്ളവരോട് ക്ഷമാപണം നടത്തുന്നുവെന്നും പറഞ്ഞ രജനി ഒപ്പംനിന്ന എല്ലാവരോടും നന്ദിയും അറിയിച്ചു. പുതിയ പാർട്ടിയുടെ ഉപദേശകനായി നിയമിക്കപ്പെട്ടിരുന്ന തമിഴരുവി മണിയൻ, കോ-ഓർഡിനേറ്റർ അർജുന മൂർത്തി എന്നിവരുടെ പേര് പ്രത്യേകം എടുത്തുപറഞ്ഞു. കഴിഞ്ഞ മൂന്നുവർഷം ഏറെ വിമർശനമുണ്ടായിട്ടും തനിക്കൊപ്പം നിൽക്കുകയും തന്റെ ആരോഗ്യമാണ് പ്രധാനമെന്നും അതിന് അനുസരിച്ച് തീരുമാനമെടുക്കാനും പറഞ്ഞ തമിഴരുവി മണിയനോട് ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നതായി രജനി പ്രസ്താവനയിൽ വ്യക്തമാക്കി. താൻ വിളിച്ചതുകൊണ്ടുമാത്രം വലിയൊരു പാർട്ടിയിലെ പ്രധാന പദവി ഉപേക്ഷിച്ച് എത്തിയ അർജുന മൂർത്തിയോടും നന്ദി പറയാൻ താൻ കടപ്പെട്ടിരിക്കുന്നെന്നും രജനി വ്യക്തമാക്കി. ബി.ജെ.പി. ബൗദ്ധികവിഭാഗം സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് അർജുനമൂർത്തി രജനിക്കൊപ്പമെത്തിയത്. രജനി മക്കൾ മൻട്രം മുഖേന രജനീകാന്ത് സാമൂഹിക പ്രവർത്തനം തുടരും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെങ്കിലും ജനങ്ങളെ സേവിക്കാൻ താനുണ്ടാകുമെന്നാണ് രജനിയുടെ പ്രഖ്യാപനം. അതിനാൽ വരുംകാലത്തിലും താരം പൊതുരംഗത്തുണ്ടാകുമെന്നത് ദുഃഖത്തിലും ആരാധകർക്ക് ആശ്വാസം നൽകുന്നു. Content Highlights:Rajinikanth fans cant digest actors decision ask him to rethink


from mathrubhumi.latestnews.rssfeed https://ift.tt/34RDCRS
via IFTTT