Breaking

Wednesday, December 30, 2020

അമ്പലപ്പുഴയെ നയിക്കാൻ അടിതടയുടെ ആശാട്ടി

അമ്പലപ്പുഴ : നാട്ടങ്കത്തിൽ പൊരുതിജയിച്ച് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ സാരഥിയാകുന്ന ഷീബാ രാകേഷ് ആയോധനകലകളിലും താരം. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴും നിരവധി ശിഷ്യർക്ക് തെക്കൻ കളരിപ്പയറ്റിന്റെ പാഠങ്ങൾ പകർന്നുനൽകുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് പുന്നപ്രയുടെ മരുമകളായെത്തിയാണ് മുപ്പത്തേഴാം വയസ്സിൽ ഇവർ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ അമരത്തെത്തുന്നത്. പെരുമ്പഴുതൂർ ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് എസ്.എഫ്.ഐ. പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ ലീഡറായിരുന്നു. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ പ്രീഡിഗ്രിക്കാലത്തും കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ബി.എസ്.സി.ക്ക് പഠിക്കുമ്പോഴും എൽ.എൽ.ബി. പഠനകാലത്തും സംഘടനയിൽ സജീവമായി. എൻ.സി.സി. കേഡറ്റും നാഷണൽ സർവീസ് സ്കീം സെക്രട്ടറിയുമായിരുന്നു. കവിതാരചനയിലും കഥാരചനയിലും നൃത്തത്തിലും ചിത്രരചനയിലും നാടകാഭിനയത്തിലും സമ്മാനങ്ങൾ നേടി. മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജിൽനിന്ന് ബി.എഡും, പൂജപ്പുര ഭവൻസിൽനിന്ന് പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും കരസ്ഥമാക്കി. തിരുവനന്തപുരം നെയ്യാറ്റിൻകര നരസിംഹത്ത് സൈമണിന്റെയും വാസന്തിയുടെയും മകളാണ് ഷീബ. അച്ഛൻ സൈമണിൽനിന്നാണ് ആയോധനകലയുടെ ആദ്യപാഠങ്ങൾ പഠിച്ചത്. പിന്നീട് ധർമൻ, മോസസ് എന്നിവരും ആശാന്മാരായി. 2010-ൽ അഖിലേന്ത്യ അന്തർസർവകലാശാല മത്സരത്തിൽ വാൾപ്പയറ്റിൽ വെങ്കലംനേടി. അതേവർഷം തന്നെ തിരുവനന്തപുരം ജില്ലാ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു. പുന്നപ്രവടക്ക് ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡിൽ അമ്മവീട്ടിൽ കെ.പി. സദാശിവന്റെയും രമാ സദാശിവന്റെയും മകൻ രാകേഷാണ് ഭർത്താവ്. സദാശിവനും രമയും ഗ്രാമപ്പഞ്ചായത്ത് മുൻ അംഗങ്ങളാണ്. അനശ്വർ രാകേഷ് ആണ് മകൻ.


from mathrubhumi.latestnews.rssfeed https://ift.tt/3o3bjY3
via IFTTT