Breaking

Tuesday, December 29, 2020

ഓസീസ് 200 റണ്‍സിന് പുറത്ത്; മെല്‍ബണില്‍ ജയത്തിലേക്ക് ഇന്ത്യയ്ക്ക് 70 റണ്‍സിന്റെ ദൂരം

മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിൽ ജയത്തിലേക്ക് ഇന്ത്യയ്ക്ക് 70 റൺസിന്റെ ദൂരം. ആറു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയെ 67 റൺസ് കൂടി കൂട്ടിച്ചേർക്കാനേ ഇന്ത്യൻ ബൗളർമാർ അനുവദിച്ചുള്ളൂ. രണ്ടാം ഇന്നിങ്സിൽ 103.1 ഓവറിൽ 200 റൺസിന് ഓസീസ് ഓൾഔട്ടായി. 69 റൺസിന്റെ ലീഡ് മാത്രം. അഡ്ലെയ്ഡ് ടെസ്റ്റിലെ തോൽവിയുടെ ഓർമകൾ മായ്ച്ച് പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യയ്ക്ക് 70 റൺസ് വേണം. നാലാം ദിനത്തിൽ പാറ്റ് കമ്മിൻസിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഓസീസിന് ആദ്യ പ്രഹമേൽപ്പിച്ചത്. 103 പന്തുകൾ നേരിട്ട് 22 റൺസുമായാണ് കമ്മിൻസ് മടങ്ങിയത്. പിന്നാലെ തലേ ദിവസം ഇന്ത്യൻ ബൗളിങ് ആക്രമണത്തെ പ്രതിരോധിച്ചുനിന്ന കാമറൂൺ ഗ്രീനിനെ വീഴ്ത്തി മുഹമ്മദ് സിറാജ് ഓസീസിന് അടുത്ത പ്രഹവുമേൽപ്പിച്ചു. 146 പന്തിൽ നിന്ന് അഞ്ചു ബൗണ്ടറികളോടെ 45 റൺസായിരുന്നു ഗ്രീനിന്റെ സമ്പാദ്യം. ഓസീസ് നിരയിലെ ടോപ് സ്കോററും ഗ്രീനാണ്. ഏഴാം വിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഗ്രീൻ - കമ്മിൻസ് സഖ്യമാണ് ഓസീസ് സ്കോർ 150 കടത്തിയത്. ഓസീസ് ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതാണ്. നഥാൻ ലിയോൺ (3), ജോഷ് ഹെയ്സൽവുഡ് (10) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. മിച്ചൽ സ്റ്റാർക്ക് 14 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരൻ സിറാണ് രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് വീഴ്ത്തി. അശ്വിൻ, ബുംറ, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ഓസീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർ നാലിൽ നിൽക്കെ ഓപ്പണർ ജോ ബേൺസിനെ (4) ഉമേഷ് യാദവ് മടക്കി. പിന്നാലെ മാർനസ് ലബുഷെയ്ന്റെ (28) വിലപ്പെട്ട വിക്കറ്റ് അശ്വിൻ വീഴ്ത്തി. സ്റ്റീവ് സ്മിത്തിനെ (8) പുറത്താക്കി ബുംറയും ഓസീസിനെ ഞെട്ടിച്ചു. മാത്യു വെയ്ഡ് നിലയുറപ്പിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും ജഡേജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 137 പന്തിൽ 40 റൺസായിരുന്നു വെയ്ഡിന്റെ സമ്പാദ്യം. 17 റൺസെടുത്ത ട്രാവിഡ് ഹെഡിനെ സിറാജ് മടക്കി. അധികം വൈകാതെ ഓസീസ് ക്യാപ്റ്റൻ ടീം പെയ്നിനെ (1) പുറത്താക്കി ജഡേജ വീണ്ടും ഓസീസിനെ പ്രതിരോധത്തിലാക്കി. Content Highlights: India vs Australia 2nd Test day 4


from mathrubhumi.latestnews.rssfeed https://ift.tt/3o9xhZH
via IFTTT