Breaking

Tuesday, December 29, 2020

തൂപ്പുജോലിക്ക്‌ വിട; ആനന്ദവല്ലി ഇനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

പത്തനാപുരം (കൊല്ലം) : പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പത്തുവർഷമായി ദിവസവേതനാടിസ്ഥാനത്തിൽ തൂപ്പുജോലി ചെയ്യുന്ന എ.ആനന്ദവല്ലി ചൊവ്വാഴ്ച ജോലി മതിയാക്കും. വർഷങ്ങളോളം ജോലിചെയ്ത ഓഫീസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിലാണ് ഇനി അവർക്ക് സ്ഥാനം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാസംവരണമാണ്. പട്ടികജാതി ജനറൽ സീറ്റായ തലവൂർ ഡിവിഷനിൽനിന്നാണ് തലവൂർ ഞാറയ്ക്കാട് ശ്രീനിലയത്തിൽ ആനന്ദവല്ലി തിരഞ്ഞെടുക്കപ്പെട്ടത്. പട്ടികജാതി വനിതാസംവരണ സീറ്റായ പട്ടാഴി വടക്കേക്കര ഡിവിഷനിൽനിന്ന് സി.പി.എം. പ്രതിനിധി വിജയിച്ചെങ്കിലും പാർട്ടി ആനന്ദവല്ലിയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. 13 അംഗ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും പ്രതിനിധികളുണ്ട്. യു.ഡി.എഫിന് പട്ടികജാതി പ്രതിനിധികൾ ഇല്ലാത്തതിനാൽ ആനന്ദവല്ലി പ്രസിഡന്റാവുമെന്ന് ഉറപ്പാണ്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വത്തിൽ സന്തോഷമുണ്ടെങ്കിലും ചെറിയ പരിഭ്രമം ഇല്ലാതില്ലെന്ന് ആനന്ദവല്ലി പറയുന്നു. പ്രധാന പദവിയിലേക്ക് എത്തുമ്പോഴുള്ള മാറ്റവുമായി പൊരുത്തപ്പെടണം. പാർട്ടിയും ഭരണസമിതിയിൽ പരിചയസമ്പന്നരായ അംഗങ്ങളും ഒപ്പമുള്ളതിനാൽ ജനോപകാരപ്രദമായി മികച്ച ഭരണം കാഴ്ചവയ്ക്കാനാകുമെന്ന കാര്യത്തിൽ അവർക്ക് സംശയമില്ല. തുച്ഛമായ വരുമാനം മാത്രമുള്ള കാഷ്വൽ സ്വീപ്പർ ജോലിയിൽ ആനന്ദവല്ലി 2011-ലാണ് പ്രവേശിച്ചത്. ജോലിക്കുശേഷം ബ്ലോക്ക് ഓഫീസ് വളപ്പിലെ ഓഫീസുകളിൽ മറ്റ് ജോലികളും ചെയ്യേണ്ടതുകൊണ്ട്, മിക്കദിവസവും വൈകീട്ടുവരെ ഓഫീസിലുണ്ടാകും. തുടക്കത്തിൽ 2,000 രൂപയായിരുന്നു പ്രതിമാസ വരുമാനം. പിന്നീട് മൂവായിരവും ഇപ്പോൾ ആറായിരവുമായി. പെയിന്റിങ് ജോലിക്കാരനായ ഭർത്താവ് മോഹനൻ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവും തലവൂർ സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്. മക്കളായ മിഥുനും കാർത്തിക്കും വിദ്യാർഥികളാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3mWsMjJ
via IFTTT