Breaking

Wednesday, December 30, 2020

സഭാ തര്‍ക്കം പ്രധാനമന്ത്രി പഠിക്കും; മറ്റ് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ നിലപാട് കേള്‍ക്കും

ന്യൂഡൽഹി: ഓർത്തോഡോക്സ്, യാക്കോബായ സഭകൾ തമ്മിൽ ഉള്ള തർക്കവുംകേസുകളുംകോടതി വിധികളും വ്യക്തിപരമായി താൻപഠിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഓർത്തോഡോക്സ്, യാക്കോബായ സഭാ പ്രതിനിധികളും ആയി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓർത്തോഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്ക പരിഹാരത്തിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉടൻ നിർദേശങ്ങൾ ഉണ്ടാകാനിടയില്ല. സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ നിയമ വശങ്ങൾ കൂടി പരിഗണിച്ച് കൊണ്ട് മാത്രമേ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടാകുകയുള്ളൂ. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഭരണഘടന വിദഗ്ദ്ധരുമായും കൂടിയാലോചനകൾ നടത്തും. വരും ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള കൂടുതൽ ക്രൈസ്തവ മതമേലധ്യക്ഷൻമാരെ പ്രധാനമന്ത്രി കാണുന്നുണ്ട്. ഈ കൂടികാഴ്ചകളിൽ സഭാ തർക്കം പരിഹരിക്കുന്നതിന് അവരുടെ നിർദേശങ്ങൾ പ്രധാനമന്ത്രി ആരായും. കേരളത്തിന് പുറത്തുള്ള ചില ക്രൈസ്തവ മതമേലധ്യക്ഷൻമാരുടെ അഭിപ്രായവും തേടിയേക്കും. അവരുടെ എല്ലാം നിർദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ചാകും കേന്ദ്ര സർക്കാർ സമവായ നിർദേശം മുന്നോട്ട് വയ്ക്കുക. ന്യൂനപക്ഷ മത വിഭാഗത്തിന്റെ കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം കേന്ദ്ര സർക്കാർ എടുത്തുവെന്ന വ്യാഖ്യാനം പോലും ഒഴിവാക്കാൻ ആണ് വിശാലമായ കൂടി ആലോചനകൾ നടത്താൻ ഉള്ള തീരുമാനം. ഓർത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി തുടർ ചർച്ചകൾക്ക് ശ്രീധരൻ പിള്ളയെയും, വി മുരളീധരനെയും പ്രധാനമന്ത്രി ചുമതലപെടുത്തി എന്ന വാർത്ത കേന്ദ്ര സർക്കാർ വൃത്തങ്ങൾ നിഷേധിച്ചു. കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ശ്രീധരൻ പിള്ളയും മുരളീധരനും ഉണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപെട്ടതാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി ഇരു സഭകളുടെയും നിലപാടുകൾ കേൾക്കുന്നതിന് 40 മിനുട്ട് വീതമാണ് പ്രധാനമന്ത്രി ചെലവഴിച്ചത്. ഓർത്തോഡോക്സ്, യാക്കോബായ സഭകളിലെ വൈദികർ തങ്ങളുടെ നിലപാടുകളും, സഭാ തർക്കത്തിന്റെ ചരിത്രവും, കോടതി വിധികളും സംബന്ധിച്ച വിശദമായ കുറിപ്പ് വെവ്വേറെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സഭാ തർക്ക കേസിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിൽ ഉള്ള സുപ്രീം കോടതി ബെഞ്ച് 2017ൽ പുറപ്പടിവിച്ച വിധി നടപ്പിലാക്കി കിട്ടാൻ ഉള്ള സഹായം ആണ് ഓർത്തോഡോക്സ് പക്ഷ വൈദികർ പ്രധാനമന്ത്രിയോട് തേടിയത്. എന്നാൽ തങ്ങളുടെ പൂർവികർ ഉൾപ്പടെ അന്ത്യവിശ്രമം കൊള്ളുന്ന പള്ളികളിൽ സ്വന്തം പ്രാർത്ഥന ഉൾപ്പടെ ഉള്ള ആചാരങ്ങൾ നടത്താൻ ഉള്ള സഹായം ആണ് യാക്കോബായ വിഭാഗം തേടിയത്. സ്വീകാര്യമായ പ്രശ്ന പരിഹാരം എന്തായിരിക്കണം എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി ഇരു വിഭാഗങ്ങൾക്കും ഇല്ലായിരുന്നു. നാല്പത് മിനുട്ട് നീണ്ടു നിന്ന ചർച്ചയിൽ പ്രശ്ന പരിഹാരത്തിന് ഉള്ള നിർദ്ദേശങ്ങളോ സൂചനകളോ പോലും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഓർത്തോഡോക്സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്, ഡൽഹി ഭദ്രാസന മെത്രോപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് എന്നിവർ ആണ് പ്രധാനമന്ത്രിയും ആയുള്ള ചർച്ചയിൽ പങ്കെടുത്തത്. യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് , സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. വൈദികർക്ക് ഒപ്പം ചർച്ചകളിൽ മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളയും പങ്കെടുത്തു. പ്രധാനമന്ത്രി നിർദേശിച്ചതിനെ തുടർന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരനും ചർച്ചകളിൽ പങ്കെടുത്തിരുന്നു. Content Highlight: PM holds discussions with Kerala Syrian Church Dispute


from mathrubhumi.latestnews.rssfeed https://ift.tt/3pCnECK
via IFTTT