Breaking

Thursday, December 31, 2020

പാപ്പരത്ത നടപടി: തിരിച്ചുപിടിച്ചത് 1.05 ലക്ഷം കോടിയുടെ കിട്ടാക്കടം

മുംബൈ: കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ വാണിജ്യബാങ്കുകൾ പാപ്പരത്ത നടപടിയിലൂടെ തിരിച്ചുപിടിച്ചത് 1.05 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ആകെ തിരിച്ചുപിടിച്ച 1.72 ലക്ഷം കോടി രൂപയുടെ 61 ശതമാനം വരുമിത്. 2018-'19ൽ ഇത് 56 ശതമാനം വരെയായിരുന്നു. 2019-'20 സാമ്പത്തികവർഷത്തെ ബാങ്കിങ് മേഖലയിലെ പുരോഗതിയും മാറ്റങ്ങളും സംബന്ധിച്ച ആർ.ബി.ഐ. റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവിധ രീതികളിലായി 2019-'20 സാമ്പത്തികവർഷത്തിൽ ആകെ 1,72,565 കോടി രൂപയുടെ കിട്ടാക്കടമാണ് വാണിജ്യ ബാങ്കുകൾ തിരിച്ചുപിടിച്ചത്. ഇതിൽ 1,05,773 കോടിയും പാപ്പരത്ത നടപടി (ഐ.ബി.സി.) വഴിയായിരുന്നു. 2018-ൽ 1,18,647 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചപ്പോൾ 66,440 കോടി മാത്രമായിരുന്നു ഐ.ബി.സി. വഴിയുണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന്, 2020 മാർച്ച് 25 മുതൽ കിട്ടാക്കടമായ വായ്പകളിൽ പുതിയ പാപ്പരത്തനടപടികൾ തുടങ്ങുന്നത് താത്കാലികമായി സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. പാപ്പരത്തനടപടി കഴിഞ്ഞാൽ കൂടുതൽ തുക പിടിച്ചെടുത്തത് സർഫാസി നിയമപ്രകാരമാണ്; 52,563 കോടി രൂപ. മുൻവർഷമിത് 38,905 കോടിയായിരുന്നു. അതേസമയം, നിഷ്ക്രിയ ആസ്തികൾ ആസ്തി പുനർനിർമാണകമ്പനികൾക്ക് വിൽക്കുന്ന രീതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം കുറവുവന്നതായി ആർ.ബി.ഐ. റിപ്പോർട്ട് പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3mZzKV6
via IFTTT