ചെന്നൈ: രജനീകാന്ത് രാഷ്ട്രീയപ്രവേശത്തിൽനിന്ന് പിന്മാറിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഉപദേശകൻ തമിഴരുവി മണിയൻ രാഷ്ട്രീയം ഉപേക്ഷിച്ചു. ജീവിതാവസാനംവരെ രാഷ്ട്രീയത്തിലേക്കില്ലെന്ന് മണിയൻ അറിയിച്ചു. രാഷ്ട്രീയം ഇപ്പോൾ ജാതി, മത, സാമുദായിക വേർതിരിവുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്കുള്ളതാണെന്നും സത്യസന്ധർക്കുള്ളതല്ലെന്നും പറഞ്ഞ മണിയൻ, രജനിയുടെ മനംമാറ്റമാണോ രാഷ്ട്രീയം പൂർണമായും ഉപേക്ഷിക്കാൻ കാരണമെന്ന് വ്യക്തമാക്കിയില്ല. ഡിസംബർ മൂന്നിനാണ് പുതിയ പാർട്ടിയുടെ ഉപദേശകനായി മണിയനെ രജനീകാന്ത് നിയമിച്ചത്. പാർട്ടി രൂപവത്കരിക്കുന്നതിന് മുമ്പുതന്നെ മണിയനെ അതിന്റെ ഉപദേശകനായി നിയമിക്കുകയായിരുന്നു. കാമരാജിന്റെ കാലത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ മണിയൻ, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇടക്കാലത്ത് ജനതാപാർട്ടി, ജനതാദൾ, ലോക്ശക്തി, തമിഴ്മാനില കോൺഗ്രസ് എന്നീ പാർട്ടികളിലും പ്രവർത്തിച്ചു. കുറച്ചുവർഷങ്ങളായി ഗാന്ധിയ മക്കൾ ഇയക്കം എന്ന പേരിൽ സ്വന്തം പാർട്ടി ആരംഭിച്ച് പ്രവർത്തിച്ചുവരുകയായിരുന്നു. രജനീകാന്തിനെ പിന്തുണച്ചതിന്റെ പേരിൽ താൻ നേരിട്ട അധിക്ഷേപങ്ങൾ കുടുംബാംഗങ്ങളെ ഏറെ ബാധിച്ചുവെന്നും രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനം വിശദീകരിച്ച മണിയൻ പറഞ്ഞു. പാർട്ടി കോ-ഓർഡിനേറ്ററായി നിയമിച്ച അർജുനമൂർത്തി, രജനീകാന്തിനൊപ്പം തുടരുമെന്ന് വ്യക്തമാക്കി. ബി.ജെ.പി.യിൽനിന്ന് രാജിവെച്ചാണ് മൂർത്തി രജനിയുമായി കൈകോർത്തത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ എൽ. മുരുകൻ വീണ്ടും പാർട്ടിയിലേക്ക് ക്ഷണിച്ചുവെങ്കിലും പ്രതിസന്ധിഘട്ടത്തിൽ രജനിയെ വിട്ടുപോകില്ലെന്ന് മൂർത്തി വ്യക്തമാക്കി. രാഷ്ട്രീയപ്രവേശം ഉപേക്ഷിക്കാനുള്ള തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള രജനിയുടെ വീടിനുമുന്നിൽ രണ്ടാം ദിവസവും ആരാധകർ തടിച്ചുകൂടി. ചിലർ റോഡിൽ ധർണയിരുന്നു. ആരാധകരുടെ എണ്ണംകൂടിയതോടെ പോയസ് ഗാർഡനിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവിടേക്ക് ഇപ്പോൾ ആളുകളെ കടത്തിവിടുന്നില്ല. രക്തസമ്മർദവ്യതിയാനത്തെത്തുടർന്ന് ഡോക്ടർമാർ നിർദേശിച്ചപ്രകാരം വിശ്രമത്തിൽ കഴിയുന്ന രജനീകാന്ത് വീടിന് പുറത്തേക്ക് വന്നിട്ടില്ല. Content Highlights:Rajinikanths political advisor Tamilaruvi Manian quits politics
from mathrubhumi.latestnews.rssfeed https://ift.tt/3n2D69Q
via
IFTTT