Breaking

Sunday, December 27, 2020

എൺപത്‌ കഴിഞ്ഞവർക്ക് തപാൽ വോട്ട് സൗകര്യം; ബാലറ്റ് പേപ്പർ വീട്ടിലെത്തിക്കില്ല

പ്രതീകാത്മകചിത്രം| Photo: Mathrubhumi തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ടിന് സൗകര്യം. കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ട് അനുവദിക്കണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. കോവിഡ് പശ്ചാത്തലത്തിൽ രണ്ട് ഘട്ട തിരഞ്ഞെടുപ്പാണ് ആലോചിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ വിവിധ രാഷ്ട്രീയപ്പാർട്ടികളുമായും ചർച്ചകൾ നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ അടുത്തയാഴ്ച സംസ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശഷിക്കാർക്കും തപാൽ വോട്ട് എന്നത് നിർബന്ധമാക്കില്ല. അപേക്ഷ നൽകിയാൽ തപാൽ വോട്ട് അനുവദിക്കും. അല്ലെങ്കിൽ സാധാരണപോലെ പോളിങ് സ്റ്റേഷനിലെത്തി വോട്ടുചെയ്യാം. തദ്ദേശ തിരഞ്ഞെടുപ്പിന് അനുവദിച്ചപോലെ ബാലറ്റ് വീട്ടിലെത്തിക്കില്ല. സർവീസ് വോട്ടുകൾ പോലെ, അപേക്ഷ നൽകുന്നവർക്ക് തപാൽ വഴി ബാലറ്റ് ലഭ്യമാക്കും. തിരികെ തപാൽ മാർഗംതന്നെ വരണാധികാരിക്ക് ബാലറ്റ് ലഭ്യമാക്കുകയും വേണം. 80 കഴിഞ്ഞവരെയും ഭിന്നശേഷിക്കാരെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ ഒന്നര ലക്ഷത്തോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വിവിധ ജില്ലകളിൽ എത്തിക്കഴിഞ്ഞു. ഇവയുടെ ആദ്യഘട്ട പരിശോധന കേന്ദ്ര തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധനകൾ പൂർത്തിയാക്കി യന്ത്രങ്ങൾ ഗോഡൗണുകളിലേക്ക് മാറ്റും. പാലക്കാട് ഒഴികെയുള്ള മിക്ക ജില്ലകളിലും യന്ത്രങ്ങൾ എത്തിക്കഴിഞ്ഞു. മഹാരാഷ്ട്രയിൽനിന്നാണ് പാലക്കാട് ജില്ലയിലേക്ക് യന്ത്രങ്ങൾ എത്തേണ്ടത്. മൂന്നാം തലമുറ വോട്ടിങ് യന്ത്രങ്ങളാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. സംസ്ഥാനത്താകെ 51,000 ബാലറ്റ് യൂണിറ്റുകളും 55,000 കൺട്രോൾ യൂണിറ്റുകളും 57,000 വി.വി. പാറ്റുമാണ് വേണ്ടിവരുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും വർധനയുണ്ടാകും. നേരത്തേ ഒരു പോളിങ് സ്റ്റേഷനിൽ 1400 വോട്ടർമാരായിരുന്നുവെങ്കിൽ ഇത്തവണയിത് 1000 ആയി കുറയും. നാല്പത്തഞ്ചായിരത്തോളം പോളിങ് സ്റ്റേഷനുകൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പോളിങ് സ്റ്റേഷനുകൾക്ക് ആവശ്യമായ കെട്ടിടസൗകര്യങ്ങൾ പരിശോധിക്കാൻ കളക്ടർമാരോട് നിർദേശിച്ചിട്ടുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2KuloyU
via IFTTT