Breaking

Wednesday, December 30, 2020

കാൽനൂറ്റാണ്ടു നീണ്ട ആകാംക്ഷയ്ക്കു വിരാമം

ചെന്നൈ: അവസാനം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം. പാർട്ടിയുടെ പേരുവരെ തീരുമാനിച്ച്, രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചുവെന്ന വിവരം പുറത്തുവന്നതിനുശേഷമാണ് ആരാധകരെ ഞെട്ടിക്കുന്ന തീരുമാനം. കോവിഡ് വ്യാപനഭീഷണിയിലും ജനങ്ങൾക്ക് നൽകിയ വാക്കിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു ജനുവരിയിൽ പാർട്ടി ആരംഭിക്കുമെന്ന് രജനീകാന്ത് അറിയിച്ചത്. ഇതോടെ ഡിസംബർ 31-ന് തീയതി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയായിരുന്നു തമിഴകം. കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടായി തമിഴ്നാട് ചർച്ചചെയ്ത വിഷയമാണ് രജനിയുടെ രാഷ്ട്രീയപ്രവേശം. ഓരോ തവണയും ഈ ചർച്ച ഉയരുമ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് തീർത്തുപറയാൻ രജനി ഒരിക്കലും തയ്യാറായിരുന്നില്ല. എല്ലാം ദൈവത്തിന്റെ കൈയിലാണെന്നായിരുന്നു രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള രജനിയുടെ മറുപടി. പത്തുവർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം 2017 മേയിൽ ആരാധകരുമായി രജനി കൂടിക്കാഴ്ച തീരുമാനിച്ചു. ആരാധകരെ അഭിസംബോധന ചെയ്തപ്പോൾ രാഷ്ട്രീയപ്രവേശം സംബന്ധിച്ച് വ്യക്തമായ സൂചന നൽകുകയുംചെയ്തു. ഭരണസംവിധാനം തകർന്നുവെന്ന് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു വീണ്ടും ചർച്ചകൾക്ക് തുടക്കമിട്ടത്. അതേവർഷം ഡിസംബറിൽ വീണ്ടും ആരാധകരെ കാണുകയും രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുകയുമായിരുന്നു. രാഷ്ട്രീയം തനിക്ക് നന്നായി അറിയാമെന്നായിരുന്നു അന്ന് രജനി പറഞ്ഞത്. രാഷ്ട്രീയം അറിയില്ലായിരുന്നുവെങ്കിൽ ഇതിനകംതന്നെ ചാടിപ്പുറപ്പെടുമായിരുന്നുവെന്നും അറിയാവുന്നതിനാലാണ് കാത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ കോവിഡ് വ്യാപനവും ആരോഗ്യപ്രശ്നവും ചൂണ്ടിക്കാട്ടിയാണ് രജനിയുടെ പിന്മാറ്റമെങ്കിലും തരംഗം അനുകൂലമായിരിക്കില്ലെന്ന് രാഷ്ട്രീയമറിയാവുന്ന രജനി മനസ്സിലാക്കിയിട്ടുണ്ടായിരിക്കാം. എന്തായാലും ആരാധകരുടെ വർഷങ്ങൾനീണ്ട ആകാംക്ഷയ്ക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. Content Highlights:Rajinikanth puts a full stop to politics even before taking the plunge


from mathrubhumi.latestnews.rssfeed https://ift.tt/3aYRjlT
via IFTTT