Breaking

Tuesday, December 29, 2020

സഞ്ജയ് റാവുത്തിന്റെ ഭാര്യയ്‌ക്ക്‌ ഇ.ഡി. സമൻസ്

മുംബൈ: പഞ്ചാബ് മഹാരാഷ്ട്ര സഹകരണബാങ്കിലെ (പി.എം.സി. ബാങ്ക്) വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. രാഷ്ട്രീയവിരോധം തീർക്കാൻ വീട്ടിലെ സ്ത്രീകൾക്കെതിരേ തിരിയുന്നത് ഭീരുത്വമാണെന്നായിരുന്നു സഞ്ജയ് റാവുത്തിന്റെ പ്രതികരണം. പി.എം.സി. തട്ടിപ്പിൽ അടുത്തയിടെ അറസ്റ്റിലായ ഗുരുവാശിശ് കൺസ്ട്രക്ഷൻസ് ഡയറക്ടർ പ്രവീൺ റാവുത്തുമായി പണമിടപാട് നടത്തിയായി കണ്ടതിനെത്തുടർന്നാണ് വർഷ റാവുത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് ഇ.ഡി. വൃത്തങ്ങൾ അറിയിച്ചു. മുംബൈയിലെ ഇ.ഡി. ഓഫീസിൽ ചൊവ്വാഴ്ച ഹാജരാകാനാണ് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനുമുമ്പ് നൽകിയ രണ്ട് സമൻസുകളും വർഷ അവഗണിക്കുകയായിരുന്നെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ പറയുന്നു. പി.എം.സി. ബാങ്കിലെ 4300 കോടി രൂപയുടെ വായ്പാ തട്ടിപ്പിനെക്കുറിച്ച് ഒരുവർഷമായി അന്വേഷണം നടക്കുകയാണ്. ഹൗസിങ് ഡെവലപ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (എച്ച്.ഡി.എൽ.) എന്ന സ്ഥാപനമാണ് അനധികൃതമായി കോടികൾ വായ്പയെടുത്തത്. ഇവരുടെ ഉപസ്ഥാപനമാണ് ഗുരുവാശിശ് കൺസ്ട്രക്ഷൻസ്. ഇതിന്റെ ഡയറക്ടർമാരിൽ ഒരാളായ പ്രവീൺ റാവുത്തും വർഷ റാവുത്തും തമ്മിലുള്ള പണമിടപാടാണ് ഇ.ഡി. അന്വേഷിക്കുന്നത്. പത്തുവർഷം മുമ്പത്തെ പണമിടപാടാണ് ഇപ്പോൾ ഇ.ഡി. കുത്തിപ്പൊക്കുന്നതെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. ‘ഞങ്ങളുടേത് ഇടത്തരം കുടുംബമാണ്. ഭാര്യ അധ്യാപികയാണ്. വീടുവെക്കുന്നതിനായി പത്തുവർഷംമുമ്പ് ഒരു സുഹൃത്തിനോട് അവർ പണം കടംവാങ്ങിയിരുന്നു. അതിന്റെ വിവരങ്ങൾ ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സത്യവാങ്മൂലത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പത്തുവർഷത്തിനുശേഷം ഇ.ഡി. ഉദ്യോഗസ്ഥർ ഉറക്കമുണർന്നിരിക്കുകയാണ്. ആവശ്യപ്പെട്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല’-റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സർക്കാരിനെ അസ്ഥിരമാക്കാനുള്ള കേന്ദ്രപദ്ധതിയുടെ ഭാഗമാണ് തന്റെ ഭാര്യക്കെതിരായ നടപടിയെന്ന് റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയിൽ ബി.ജെ.പി. ഇതര സർക്കാരുണ്ടാക്കാൻ താൻ മുൻകൈയെടുത്തതാണ് അവരുടെ വിരോധത്തിനു കാരണം. രാഷ്ട്രീയവിരോധം തീർക്കാർ വീട്ടിലെ സ്ത്രീകളെ വലിച്ചിഴയ്ക്കുന്നത് ഭീരുത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സംശയാസ്പദമായ ഇടപാടുകൾ നടത്തിയ 121 ബി.ജെ.പി. നേതാക്കളുടെ പട്ടിക തന്റെ കൈയിലുണ്ട്. അത് ഇ.ഡി.ക്കു കൈമാറും. അതിന്റെ അന്വേഷണം പൂർത്തിയാകാൻ അഞ്ചുവർഷം വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/37Wwq8R
via IFTTT