തിരുവനന്തപുരം: അഭിനയമോഹം തലയ്ക്കുപിടിച്ച കാലത്തും കച്ചവട സിനിമാക്കാരെ തേടിയല്ല അനിൽ പോയത്. ചാൻസ് തിരക്കി ഒരു സുപ്രഭാതത്തിൽ നേരെ അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് ചെന്നു. വീടിനു ചുറ്റും കറങ്ങി നടന്നിട്ടും കോളിങ്ബെൽ കണ്ടില്ല. ഒടുവിൽ ഗേറ്റിന് പുറത്തിറങ്ങിയപ്പോഴാണ് ഒരാൾ പറഞ്ഞുകൊടുത്തത്- 'സാർ വീട്ടിലുണ്ടാകും. ഉമ്മറത്ത് തൂക്കിയിരിക്കുന്ന മണി അടിച്ചാൽ മതി'. അങ്ങനെ തിരികെ കയറി മണിയടിച്ചു. അടൂർ ഗോപാലകൃഷ്ണൻ വാതിൽ തുറന്നു. അറിയാതെ അനിൽ പറഞ്ഞു- ''സാറേ സിനിമയിൽ മണിയടിച്ചാലേ കയറാൻ പറ്റൂ എന്ന് കേട്ടിട്ടുണ്ട്''. പെട്ടെന്ന് പറഞ്ഞുപോയ ആ തമാശ പക്ഷേ, അടൂർ ആസ്വദിച്ചു. മണിയടിക്കാതെ കയറുന്നവരും സിനിമയിലുണ്ട് എന്ന് മറുപടിയും കിട്ടി. വിടപറഞ്ഞ അനിൽ നെടുമങ്ങാട് എന്ന കലാകാരന്റെ ആർജവത്തിന് പിന്നിൽ എന്നും ഇങ്ങനെയൊരു സരസഭാവം ഉണ്ടായിരുന്നു. മലയാളസിനിമയിലേക്ക് പെട്ടെന്ന് കയറിവന്ന് ഗാംഭീര്യമുള്ള കുറച്ചുകഥാപാത്രങ്ങളെ തന്ന് മരണത്തിലേക്ക് നീന്തിപ്പോയ അനിൽ തനിക്കായി എഴുതപ്പെട്ട നിരവധി കഥാപാത്രങ്ങളെ അനാഥമാക്കിയാണ് മടങ്ങുന്നത്. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനശേഷം അവസരങ്ങൾ തേടുന്ന കാലത്തും നല്ല സിനിമയുടെ ഭാഗമാവുക എന്നതായിരുന്നു ലക്ഷ്യം. സീരിയലുകളിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചിട്ടും വേണ്ടെന്നുവെച്ച് നാടകനടനായും ടെലിവിഷൻ അവതാരകനായും തുടർന്നു. 'ജുറാസിക് വേൾഡ്' എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ഏറെക്കാലം തിളങ്ങി. സ്കൂൾ ഓഫ് ഡ്രാമയിൽ സഹപാഠിയായിരുന്ന ഹരിദാസിന്റെ നാടകങ്ങളിലൂടെയാണ് അരങ്ങിലെത്തുന്നത്. ദീപൻ ശിവരാമന്റെ 'സ്പൈനൽ കോഡ്' ഉൾപ്പെടെയുള്ള നാടകങ്ങൾ സിനിമയിലേക്ക് വഴിയൊരുക്കി. തസ്കരവീരനാണ് ആദ്യത്തെ ചിത്രം. 2014-ൽ രാജീവ് രവി സംവിധാനം ചെയ്ത 'ഞാൻ സ്റ്റീവ് ലോപ്പസി'ലെ 'ഫ്രെഡി കൊച്ചപ്പനി'ലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു. കമ്മട്ടിപ്പാടം, പാവാട, പൊറിഞ്ചുമറിയം തുടങ്ങിയ സിനിമകളിലൂടെ എണ്ണം പറഞ്ഞ് മുന്നേറി. കിസ്മത്ത്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആമി, മൺട്രോതുരുത്ത്, ആഭാസം തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ വേഷങ്ങൾ. 2020-ൽ പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയും' സിനിമയിലെ സി.ഐ. സതീഷ് കുമാർ അനിലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി മാറി. മാധവ് രാംദാസ് സംവിധാനം ചെയ്ത 'ഇളയരാജ' എന്ന ചിത്രത്തിലൂടെ പലിശക്കാരന്റെ സ്തോഭ ഭാവങ്ങൾ അനായാസമായി വെള്ളിത്തിരയിലെത്തിച്ചു. 'പെൻഷൻ പറ്റാറായ കാലത്ത് സർവീസ് തുടങ്ങിയ ഒരാളെപ്പോലെയാണ് ഞാൻ' -വൈകിയുള്ള സിനിമാ പ്രവേശത്തെക്കുറിച്ച് ഒരിക്കൽ അനിൽ പറഞ്ഞത് ഇങ്ങനെയാണ്. മലയാള സാഹിത്യത്തിൽ ബിരുദം േനടിയ അനിൽ നല്ലൊരു വായനക്കാരനും ആയിരുന്നു. സച്ചിയേട്ടാ... ഞാൻ മരിക്കുവോളം... 'ഈ ദിവസം ഇങ്ങേരെക്കുറിച്ചാണ് എഴുതേണ്ടത്... ഒന്നും എഴുതാനും കഴിയുന്നില്ല. ഞാൻ മരിക്കുവോളം എഫ്.ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ...' - മരണം വന്നുവിളിക്കുന്നതിന്റെ തലേരാത്രിയിൽ അന്തരിച്ച പ്രിയ സംവിധായകൻ സച്ചിയുടെ ഓർമകളിൽ അനിൽ നെടുമങ്ങാട് ഇങ്ങനെ കുറിച്ചു. സച്ചിയുടെ പിറന്നാൾ ദിവസമായിരുന്നു വെള്ളിയാഴ്ച. ഈ അവസാന പോസ്റ്റിട്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അനിലും മരണത്തിലേക്ക് നീന്തിപ്പോയി. Content Highlights: Malayalam Actor Anil Nedumangad
from mathrubhumi.latestnews.rssfeed https://ift.tt/3przsYw
via
IFTTT