Breaking

Sunday, December 27, 2020

അറ്റോര്‍ണി ജനറലിന് ഓരോതവണ ഹാജരാകുമ്പോഴും ഇനി കേരളം നല്‍കുക ഏഴര ലക്ഷം രൂപ

ന്യൂഡൽഹി: സുപ്രീംകോടതിയിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകരുടെ ഫീസ് സർക്കാർ പുതുക്കി നിശ്ചയിച്ചു. അറ്റോർണി ജനറൽ കെ. കെ. വേണുഗോപാലിന് ഇനി മുതൽ ഓരോ തവണ ഹാജരാകുന്നതിനും ഏഴര ലക്ഷം രൂപയാകും സംസ്ഥാന സർക്കാർ ഫീസായി നൽകുക. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിന് അഞ്ചര ലക്ഷം രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ജനറൽ സി പി സുധാകരപ്രസാദ് കൈമാറിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പാനലിലുള്ള പതിമൂന്ന് സീനിയർ അഭിഭാഷകരുടെ ഫീസ് പുതുക്കി നിശ്ചയിച്ച് സംസ്ഥാന നിയമ വകുപ്പ് ഉത്തരവിറക്കിയത്. അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ, മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ എന്നിവർ കഴിഞ്ഞാൽ കൂടുതൽ ഫീസ് സീനിയർ അഭിഭാഷകൻ പരംജീത്ത് സിംഗ് പട്വാലിയക്കാണ്. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ പട്വാലിയ ഒരു തവണ ഹാജരകുമ്പോൾ മൂന്നര ലക്ഷം രൂപ ഫീസ് ആയി സംസ്ഥാന സർക്കാർ നൽകും. സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയ്ക്ക് 220000ഉം മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹരേൻ പി റാവലിനു 165000 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജി വി ഗിരിക്ക് 125000 രൂപ, നാഗാലാൻഡ് അഡ്വക്കേറ്റ് ജനറൽ ആയ കെ എൻ ബാലഗോപാലിന് 110000 രൂപ എന്നിങ്ങനെയാണ്ഫീസ് നിശ്ചയിച്ചിരിക്കുന്നത്. സീനിയർ അഭിഭാഷകരായ ജയ്ദീപ് ഗുപ്തയ്ക്കും പല്ലവ് സിസോദിയക്കും ഓരോ തവണ ഹാജരാകുമ്പോഴും ഫീസായി 110000 രൂപ ലഭിക്കും. സീനിയർ അഭിഭാഷകർ ആയ പി വി സുരേന്ദ്ര നാഥ്, പി എൻ രവീന്ദ്രൻ, സി എൻ ശ്രീകുമാർ, സന്തോഷ് പോൾ എന്നിവർക്ക് 88000 രൂപ ആണ് ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്. സീനിയർ അഭിഭാഷകരായ ഹരീഷ് സാൽവെ, മുകുൾ റോത്തഗി എന്നിവരുടെ ഫീസ് സംബന്ധിച്ച് പട്ടികയിൽ പരാമർശിച്ചിട്ടില്ല. പല സീനിയർ അഭിഭാഷകർക്കും സ്വകാര്യ കേസ്സുകളിൽ ഹാജരാകുമ്പോൾ ലഭിക്കുന്ന ഫീസിന്റെ പകുതിയിൽ താഴെ മാത്രമേ സർക്കാർ കേസ്സുകളിൽ ഹാജർ ആകുമ്പോൾ ലഭിക്കുകയുള്ളു. സർക്കാരിൽ നിന്ന് ലഭിക്കുന്ന കേസുകളുടെ എണ്ണം കൂടുതലായതിനാലാണ് ഫീസിൽ ഇളവ് വരുത്താൻ സീനിയർ അഭിഭാഷകർ തയ്യാറാകുന്നത്. സർക്കാർ വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന ഫീസ് സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് മാത്രമാണ്. വിവിധ ഹൈകോടതികളിൽ ഹാജരാകുമ്പോൾ ഇതിലും കൂടുതൽ ഫീസ് സീനിയർ അഭിഭാഷകർക്ക് ആവശ്യപ്പെടാമെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. Content Highlights:Kerala will pay Rs 7.5 lakh as fee to Attorney General KK Venugopal


from mathrubhumi.latestnews.rssfeed https://ift.tt/3aGp6jv
via IFTTT