നെടുമങ്ങാട് : മരണത്തിന്റെ ആഴക്കയങ്ങളിലേക്ക് അറിയാതെ ഊളിയിടുന്നതിനു മുമ്പ് അനിൽ അമ്മ ഓമനയമ്മയെ ഫോണിൽ വിളിച്ചു. നല്ല തിരക്കുണ്ടമ്മേ, അടുത്തമാസം 15-ന് ഞാൻ വരാം. ഇന്ന് ക്രിസ്മസ് ആയതുകൊണ്ട് ഉച്ചയ്ക്കുശേഷം ഷൂട്ടിങ്ങില്ല. ഒന്നു വിശ്രമിക്കണം... ഇത്രയും പറഞ്ഞാണ് അനിൽ ഫോൺവച്ചതെന്ന് അമ്മ പറയുന്നു. നെടുമങ്ങാട് തോട്ടുമുക്കിലെ സുരഭിയെന്ന വീട്ടിലേക്ക് ഓമനയമ്മയെത്തേടി ഇനി ആവിളി വരില്ല. ഫോണിൽ സംസാരിച്ച് ഒരുമണിക്കൂർ കഴിഞ്ഞാണ് അനിലിന്റെ അപകടവിവരം ചാനലുകളിലൂടെ അമ്മയും നാട്ടുകാരും അറിയുന്നത്. അനിലിന്റെ അച്ഛൻ പി.പീതാംബരൻനായർ രണ്ടുവട്ടം വാർഡ് കൗൺസിലർ ആയിരുന്നു. അമ്മ സർക്കാർ ജീവനക്കാരിയും. അതുകൊണ്ടുതന്നെ ജീവിതത്തിൽ പ്രാരാബ്ദതകളുടെ സങ്കടക്കഥകൾ ചുമക്കേണ്ടിവന്നിട്ടില്ല അനിലിന്. സ്വന്തം പേരിനൊപ്പം നെടുമങ്ങാട് എന്ന നാടിന്റെ പേരുകൂടിച്ചേർത്ത് അറിയപ്പെടുന്നതിൽ ഏറ്റവുമധികം സന്തോഷിച്ചിരുന്നു അനിൽ. അനിൽ പി.നായർ എന്നാണ് ശരിയായ പേരെങ്കിലും എവിടെ പരിചയപ്പെടുത്തുമ്പോഴും അനിൽ നെടുമങ്ങാടെന്നു പറയാനായിരുന്നു ഏറെയിഷ്ടം. ഒരു കലാകാരന്റെ പേരിനൊപ്പം നെടുമങ്ങാട് അറിയപ്പെട്ടിരുന്നതും അനിലിലൂടെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. സ്കൂൾ പഠനകാലത്തു തന്നെ നാടകത്തോടും അഭിനയത്തോടുമുള്ള കമ്പമാണ് പിന്നീട് അനിലിനെ സ്കൂൾ ഓഫ് ഡ്രാമയിലെത്തിച്ചത്. അതിനു നിമിത്തമായത് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയും. മഞ്ച ബോയ്സ് സ്കൂളിലെ പഠനകാലത്ത് മിക്കദിവസങ്ങളിലും ഉച്ചയ്ക്കുശേഷം ടൗണിലെ തിയേറ്ററുകളിലെത്തി പഴയ സിനിമകൾ ഒന്നൊഴിയാതെ കൂട്ടുകാരോടൊത്ത് കണ്ടിരുന്നതിന്റെ ഓർമകൾ മരണത്തിനു തൊട്ടുമുമ്പും അനിൽ ഓർമപ്പെടുത്തുന്നുണ്ട്- കൂട്ടുകാർക്കയച്ച വാട്സ് ശബ്ദത്തിലൂടെ. സൗഹൃദങ്ങൾക്ക് വലിയ വില കല്പിച്ചിരുന്നു അനിൽ. അവധി ദിനങ്ങളിൽ നാട്ടിലെത്തിയാൽ പരമാവധി സമയം കൂട്ടുകാരോടൊപ്പമാണ് ചെലവിട്ടിരുന്നത്. നാട്ടിലെ പൊതുകാര്യങ്ങൾക്കെല്ലാം അനിൽ മുൻനിരയിലുണ്ടാകും. മരണത്തിന് തൊട്ടുമുൻപും മഞ്ച സ്കൂളിലെ വാട്ട്സ്അപ്പ് ഗ്രൂപ്പിൽ പഴയ സഹപാഠികൾക്ക് ക്രിസ്മസ് പുതുവത്സര ആശംസകൾ നേരാൻ അനിൽ മറന്നില്ല. മച്ചമ്പി.... എന്ന തനി നാട്ടിൻപുറത്തുകാരന്റെ വിളിയോടെ തുടങ്ങുന്ന ക്രിസ്മസ് ആശംസ അവസാനിച്ചത് അറംപറ്റുന്നതുപോലെയായിരുന്നു. തൊടുപുഴ മലങ്കര ഡാമിൽ വച്ചാണ് അനിൽ പി.നായർ മുങ്ങിമരിച്ചത്. ഡാമിൽ കുളിക്കുന്നതിനിടെ ആഴക്കയത്തിൽപ്പെട്ടാണ് ദുരന്തം സംഭവിച്ചത്. Content Highlights:Anil Nedumangad actor
from mathrubhumi.latestnews.rssfeed https://ift.tt/3hiTC4j
via
IFTTT