Breaking

Sunday, December 27, 2020

പാലായിൽ ഉറച്ച് കാപ്പൻ; എൻ.സി.പി. നേതൃത്വത്തെ യു.ഡി.എഫിലെത്തിക്കാൻ നീക്കം തുടങ്ങി

കൊച്ചി: എൻ.സി.പി. ഔദ്യോഗിക നേതൃത്വത്തെ യു.ഡി.എഫിൽ എത്തിക്കാൻ മാണി സി. കാപ്പൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഒരുവിഭാഗം ശ്രമങ്ങൾ തുടങ്ങി. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനെ കൂടെനിർത്താനാണ് നീക്കം. പാലാ എന്തുവന്നാലും വിട്ടുകൊടുക്കില്ലന്ന ഉറച്ച തീരുമാനത്തിലാണ് കാപ്പൻ. പാലാ ഇപ്പോഴത്തെ സാഹചര്യത്തിൽ സി.പി.എം. അനുവദിക്കില്ലെന്ന് എൻ.സി.പി. നേതൃത്വത്തിന് ബോധ്യമുണ്ട്. അത് മുന്നിൽക്കണ്ട് നേരത്തേ കരുക്കൾ നീക്കാനാണ് കാപ്പനെ പിന്തുണയ്ക്കുന്നവരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇവർ കഴിഞ്ഞ ദിവസം പീതാംബരൻമാസ്റ്ററെക്കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങളുടെ നീക്കങ്ങൾക്കുള്ള കാര്യവും ഇവർ സംസ്ഥാന അധ്യക്ഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫിലേക്ക് പോയാലും എൻ.സി.പി.ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കുറയില്ല. നാലുസീറ്റുകൾ നൽകാമെന്ന് അനൗദ്യോഗിക സംഭാഷണത്തിൽ കോൺഗ്രസ് നേതൃത്വം കാപ്പൻ വിഭാഗത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഒരു സീറ്റും പാലാ, കാഞ്ഞിരപ്പള്ളി, കായംകുളം സീറ്റുകളും നൽകാമെന്നാണ് തത്ത്വത്തിൽ സമ്മതിച്ചിട്ടുള്ളത്. എലത്തൂർ സീറ്റുകൂടി വേണമെന്ന ആവശ്യവും അവർ ഉന്നയിച്ചിട്ടുണ്ട്. എൽ.ജെ.ഡി.യും ജോസ് കെ. മാണിയും യു.ഡി.എഫ്. വിട്ടതോടെ സീറ്റുകൾ ഒഴിവുവന്നതിനാൽ നീക്കുപോക്ക് സാധിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിട്ടുള്ളത്. കാപ്പൻ സ്വന്തംനിലയിൽവരാതെ എൻ.സി.പി. ഒദ്യോഗിക നേതൃത്വം മുന്നണിയുടെ ഭാഗമാകണമെന്ന നിർദേശമാണ് കോൺഗ്രസ് വെച്ചിട്ടുള്ളത്. കാപ്പനടക്കം പാർട്ടിയുടെ നാല് മുതിർന്ന നേതാക്കളാണ് പീതാബരൻമാസ്റ്ററുമായി ചർച്ചയ്ക്കെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പലസ്ഥലങ്ങളിലും സി.പി.എം. കാലുവാരിയെന്നും ഇവർ സംസ്ഥാന അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. ദേശീയനേതൃത്വവുമായി അടുത്തബന്ധമുള്ള പീതാംബരൻമാസ്റ്റർ അവിടന്നുള്ള നിർദേശങ്ങൾക്കനുസരിച്ചേ പ്രവർത്തിക്കുകയുള്ളൂ. കോൺഗ്രസ് ആഭിമുഖ്യമുള്ള ദേശിയാധ്യക്ഷൻ ശരദ് പവാറിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്. യു.ഡി.എഫ്. അടുത്തതവണ അധികാരത്തിൽ എത്തുമോ എന്നകാര്യത്തിൽ മാത്രമാണ് എൻ.സി.പി. ദേശീയ നേതൃത്വത്തിന് ആശങ്കയുള്ളത്. ദേശീയ നേതൃത്വം മുന്നണിമാറ്റത്തെ അനുകൂലിച്ചാൽ പീതാംബരൻമാസ്റ്ററുടെ നേതൃത്വത്തിൽ പാർട്ടി ഔദ്യോഗിക വിഭാഗം മുന്നണിമാറ്റത്തിന് ഒപ്പംനിൽക്കും. കാപ്പൻ വിഭാഗത്തിന്റെ നീക്കങ്ങളെ തുറന്നുകാട്ടാൻ മന്ത്രി എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരും ഇറങ്ങിയിട്ടുണ്ട്. മുതിർന്ന നേതാവ് പി.കെ. രാജൻമാസ്റ്ററുടെ നേതൃത്വത്തിൽ ഇടത് അനുകൂലികളും തങ്ങളുടെ പക്ഷത്തേക്ക് ആളെക്കൂട്ടുന്നുണ്ട്. Content Highlights:Mani C. Kappan, Nationalist Congress Party, NCP


from mathrubhumi.latestnews.rssfeed https://ift.tt/34N9Du5
via IFTTT