Breaking

Monday, December 28, 2020

പഠിച്ചത് ശാസ്ത്രം; വണ്ടിക്കമ്പം ബെല്ലയെ വാഹന മെക്കാനിക്കാക്കി

കൊച്ചി: പെൺകുട്ടികൾ അധികം കടന്നുചെല്ലാത്ത വാഹന നിർമാണമേഖലയിൽ കഴിവുതെളിയിക്കുകയാണ് ബെല്ല സാറ എന്ന കൊച്ചിക്കാരി. ചെറുപ്പംമുതലുള്ള വാഹനക്കമ്പമാണ് ഫിസിക്സ് ബിരുദധാരിയായ ബെല്ലയെ വാഹനലോകത്തെത്തിച്ചത്. ബിരുദത്തിനുശേഷം, കളമശ്ശേരി ലിറ്റിൽ ഫ്ളവർ എൻജിനിയറിങ് കോളേജിൽനിന്ന് ടാറ്റാ മോട്ടോഴ്സും എസ്.കെ.ഐ.പി.യും നടത്തുന്ന ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻ കോഴ്സിനു ചേർന്നതാണ് ബെല്ലയുടെ ജീവിതത്തിലെ വഴിത്തിരിവ്. ഓട്ടോമോട്ടീവ്, ടെക്നിക്കൽ ഡൊമെയ്നും നേടിയാണ് ബെല്ല പഠനം പൂർത്തിയാക്കിയത്. 2017-ലാണ് ഒരുവർഷത്തെ കോഴ്സിനു ചേർന്നത്. വീട്ടിലെ സാഹചര്യവും മറ്റും കാരണം കോഴ്സ് പൂർത്തിയാക്കാൻ കഴിയുമോയെന്ന പേടിയിലായിരുന്നു ബെല്ല. പക്ഷേ, കോഴ്സ് കോ-ഓർഡിനേറ്റർമാരുടെയും സുഹൃത്തുക്കളുടെയും സഹകരണത്തിൽ കോഴ്സും ഇന്റേൺഷിപ്പും പൂർത്തിയാക്കി. വാഹന നിർമാതാക്കളും കാറ്റർപില്ലർ ഡീലർമാരുമായ ജി.എം.എം. കോ ക്യാറ്റിലാണ് ബെല്ലയിപ്പോൾ ജോലിചെയ്യുന്നത്. ജോലിക്കൊപ്പംതന്നെ എം.ബി.എ. പഠനത്തിനു തയ്യാറെടുക്കുകയുമാണ്. ''ജോലിസാധ്യതകൾ കുറവാണെന്ന കാരണത്തിലാണ് പലരും ഈ മേഖലയിലേക്ക് വരാത്തത്. കോഴ്സിന്റെയും തൊഴിൽസാധ്യതയും കണക്കിലെടുത്ത് ഇപ്പോൾ കുട്ടികൾ പഠനത്തിനായി വരുന്നത് അറിയാൻ കഴിഞ്ഞു. അത് ശുഭസൂചകമാണ്. പഠനത്തിനൊപ്പമുള്ള പരിശീലനമാണ് നമ്മളെ നല്ലൊരു പ്രൊഫഷണലാക്കി മാറ്റുന്നത്'' -ബെല്ല പറയുന്നു. Content Highlights: A girl from Kochi who works in the Automotive industry


from mathrubhumi.latestnews.rssfeed https://ift.tt/3mTMRXV
via IFTTT