Breaking

Thursday, December 31, 2020

കർണാടക ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക്‌ മേൽക്കൈ

ബെംഗളൂരു: കർണാടകത്തിൽ രണ്ടുഘട്ടങ്ങളിലായി നടന്ന ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് മേൽക്കൈ. രാഷ്ട്രീയപ്പാർട്ടികളുടെ അടിസ്ഥാനത്തിലോ അവയുടെ ചിഹ്നങ്ങൾ ഉപയോഗിച്ചോ അല്ല തിരഞ്ഞെടുപ്പുനടന്നതെങ്കിലും ബി.ജെ.പി. പിന്തുണച്ച സ്ഥാനാർഥികൾക്കാണ് കൂടുതൽ വിജയം നേടാനായതെന്നാണ് വിലയിരുത്തൽ. 20428 സീറ്റുകളിൽ ബി.ജെ.പി. പിന്തുണയ്ക്കുന്ന സ്ഥാനാർഥികളും 19253സീറ്റുകളിൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാർഥികളും വിജയം നേടി. 12731 സീറ്റുകളിൽ ജെ.ഡി.എസ്. പിന്തുണയ്ക്കുന്നവരും ജയിച്ചു.സംസ്ഥാനത്തെ 5728 ഗ്രാമപ്പഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്.മൊത്തം 82,616 സീറ്റുകളിലേക്കായിരുന്നു മത്സരം. 8074 സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽനിന്ന് വ്യത്യസ്തമായി കർണാടകത്തിൽ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയപ്പാർട്ടികൾ തമ്മിലുള്ള മത്സരമല്ല. എങ്കിലും സ്ഥാനാർഥികൾക്ക് പിന്തുണ നൽകി പ്രമുഖ പാർട്ടികളെല്ലാം രംഗത്തുണ്ടായിരുന്നു. ബി.ജെ.പി, കോൺഗ്രസ്, ജനതാദൾ-എസ്.(ജെ.ഡി.എസ്)എന്നീ പാർട്ടികളാണ് പ്രധാനമായും രംഗത്തുണ്ടായിരുന്നത്. താഴേത്തട്ടിൽ പ്രവർത്തകരെ സജ്ജമാക്കി പാർട്ടികൾക്ക് വേരുറപ്പിക്കാനുള്ള തന്ത്രമാണിത്. വരാനിരിക്കുന്ന താലൂക്ക്-ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും നിയമസഭാതിരഞ്ഞെടുപ്പുകളിലും ഇത് മുതൽക്കൂട്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഡിസംബർ 22, 27 തീയതികളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് തുടങ്ങിയത്. 226 കേന്ദ്രങ്ങളിലായിരുന്നു വോട്ടെണ്ണൽ സജ്ജീകരിച്ചത്. കോവിഡിന്റെ ആശങ്കയുണ്ടായിട്ടും ആവേശകരമായ വോട്ടെടുപ്പാണ് നടന്നത്. ആദ്യഘട്ടത്തിൽ 82 ശതമാനം പേരും രണ്ടാംഘട്ടത്തിൽ 80.71 ശതമാനം പേരും വോട്ടുരേഖപ്പെടുത്തി. ബിദർ ജില്ലയിലൊഴികെ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്.


from mathrubhumi.latestnews.rssfeed https://ift.tt/2Jw2OWq
via IFTTT