Breaking

Wednesday, December 30, 2020

കെ-ഫോൺ വരുന്നു; മറ്റ് കേബിളുകൾ അഴിച്ചുമാറ്റണമെന്ന് കെ.എസ്.ഇ.ബി.

തൃശ്ശൂർ: കെ-ഫോൺ വരുന്ന പ്രധാന റൂട്ടുകളിലെ വൈദ്യുതിത്തൂണുകളിലൂടെ വലിച്ചിരിക്കുന്ന മറ്റ് കേബിളുകൾ അഴിച്ചുനീക്കണമെന്ന് കെ.എസ്.ഇ.ബി. ഓരോ വർഷവും വാടക കൊടുത്ത് തൂണുകളിലൂടെ വലിച്ചിരിക്കുന്നവയാണ് മാറ്റേണ്ടിവരുന്നത്. കേബിൾ ടി.വി., ഇന്റർനെറ്റ് സർവീസുകളെ ഇത് പ്രതിസന്ധിയിലാക്കും. വ്യാഴാഴ്‌ചയ്ക്കകം കേബിളുകൾ നീക്കണമെന്നാണ് കണ്ണൂർ ഇലക്‌ട്രിക്കൽ സർക്കിളിൽ നൽകിയിരിക്കുന്ന നിർദേശം. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ ഇവ നീക്കിയില്ലെങ്കിൽ, കേബിളുകൾക്ക് നാശം വരാത്തവിധം കെ.എസ്.ഇ.ബി. നേരിട്ട് നീക്കംചെയ്യും. 20 വർഷമായി തുടരുന്ന സംവിധാനമാണ് കെ-ഫോണിനായി മാറ്റുന്നത്. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം ഗ്രാമങ്ങളിലടക്കം എത്തിക്കാനുള്ള സംസ്ഥാന സർക്കാർ സംരംഭമാണ് കെ-ഫോൺ. സംസ്ഥാനത്തെ ഓരോ ഇലക്‌ട്രിക്കൽ സെക്ഷന്റെ കീഴിലും എവിടെയൊക്കെയാണ് മറ്റു കേബിളുകൾ അഴിച്ചുമാറ്റേണ്ടത്‌ എന്നതിനെക്കുറിച്ച് അതത് ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും ബി.എസ്.എൻ.എലിനും കത്തുകൾ നൽകിത്തുടങ്ങി. നഗരങ്ങളിലും കണക്ഷൻ കൂടുതൽ കിട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തിൽ കെ-ഫോണിന് മാത്രമായി വൈദ്യുതിത്തൂണുകൾ തയ്യാറാക്കുന്നത്. നിലവിൽ വലിച്ചിരിക്കുന്ന കേബിളുകൾ നീക്കുന്നതു കൂടാതെ കെ-ഫോൺ ഉള്ള റൂട്ടുകളിൽ വൈദ്യുതിത്തൂണുകൾ വാടകയ്ക്ക് ചോദിച്ചുള്ള അപേക്ഷകൾ പരിഗണിക്കേണ്ടെന്നും കെ.എസ്.ഇ.ബി. തീരുമാനിച്ചിട്ടുണ്ട്. നഗരങ്ങളിൽ ഒരു തൂണിന് 500 രൂപയും ഗ്രാമങ്ങളിൽ 200 രൂപയുമാണ് ഒരു കൊല്ലത്തേക്കുള്ള വാടക. ഇന്റർനെറ്റ്, കേബിൾ ടി.വി. തടസ്സപ്പെടാൻ സാധ്യത കെ.എസ്.ഇ.ബി.യുടെ ഉത്തരവ് വിവിധ ഇലക്‌ട്രിക്കൽ സർക്കിളുകളിൽ നടപ്പാക്കാൻ തുടങ്ങുമ്പോൾ ആ പ്രദേശങ്ങളിലെ കേബിൾ ടി.വി., ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടേക്കും. ബി.എസ്.എൻ.എൽ., റെയിൽടെൽ, കേരള വിഷൻ, എഷ്യാനെറ്റ് കമ്യൂണിക്കേഷൻ തുടങ്ങിയവയുടെ സർവീസുകളെയാണ് തീരുമാനം ബാധിക്കുക. ജിയോ കമ്പനി കെ.എസ്.ഇ.ബി.യുടെ വൈദ്യുതിത്തൂണുകൾ ഉപയോഗിക്കുന്നില്ല. സ്വന്തമായി സ്ഥാപിച്ച തൂണുകളിലൂടെയാണ് അവർ കണക്ഷൻ കൊടുത്തുകൊണ്ടിരിക്കുന്നത്. എന്നാൽ, തൂണുകൾ സ്ഥാപിച്ച് കേബിളുകൾ വലിക്കുക എന്നത് മറ്റ് സേവനദാതാക്കൾക്ക് ശ്രമകരമായ ജോലിയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3hri9UN
via IFTTT