ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചെങ്കിലും സംഗീതസംവിധായകൻ ഇളയരാജ മുൻനിശ്ചയിച്ചപ്രകാരം തിങ്കളാഴ്ച പ്രസാദ് സ്റ്റുഡിയോയിൽ പോയില്ല. സ്റ്റുഡിയോയിലെ ഇളയരാജ ഉപയോഗിച്ചുവന്ന മുറി തകർക്കപ്പെട്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ശരവണൻ അറിയിച്ചതോടെയാണ് യാത്ര റദ്ദാക്കിയത്. ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയിലെ സ്ഥലം ഇല്ലാതായത് നേരിൽക്കാണുന്നത് മനോവിഷമം വർധിപ്പിക്കുമെന്നതിനാലാണ് യാത്ര ഒഴിവാക്കിയതെന്ന് ശരവണൻ പറഞ്ഞു. 30 വർഷത്തിലേറെയായി ഉപയോഗിക്കുന്ന സ്റ്റുഡിയോയിൽനിന്ന് തന്നെ പുറത്താക്കുന്നതിനെ എതിർത്തും അവിടെ ഒരുദിവസം ധ്യാനംചെയ്യാൻ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കാമെങ്കിൽ പ്രവേശിപ്പിക്കാമെന്ന് പ്രസാദ് സ്റ്റുഡിയോ ഉടമകൾ നിലപാടെടുത്തതോടെ രാജ കേസുകൾ പിൻവലിക്കാമെന്ന് കോടതിയിൽ സമ്മതിച്ചു. സന്ദർശനസമയം ഇരുവിഭാഗത്തിനും കൂടിയാലോചിച്ച് തീരുമാനിക്കാമെന്നാണ് കോടതി നിർദേശിച്ചിരുന്നത്. അതുപ്രകാരം തിങ്കളാഴ്ച സ്റ്റുഡിയോയിലെത്താനും സംഗീതോപകരണങ്ങളും മറ്റു വസ്തുക്കളും എടുത്തുകൊണ്ടുപോകാമെന്നും തീരുമാനിച്ചു. അതിന്റെ ഭാഗമായി രാജയുടെ സഹായികൾ പ്രസാദ് സ്റ്റുഡിയോയിലെത്തിയപ്പോഴാണ് അവിടെ ഇളയരാജ ഉപയോഗിച്ചിരുന്ന മുറി പൊളിച്ചുനീക്കിയതായി കണ്ടത്. അവിടെയുണ്ടായിരുന്ന പുരസ്കാരങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവ മറ്റൊരു മുറിയിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതേക്കുറിച്ചറിഞ്ഞ് ഇളയരാജ വളരെയധികം മനോവിഷമത്തിലായെന്ന് അഭിഭാഷകൻ പറഞ്ഞു. താക്കോൽ തങ്ങളുടെ കൈവശമുണ്ടായിരുന്നതിനാൽ സ്റ്റുഡിയോയിൽ ഇളയരാജ ഉപയോഗിച്ചിരുന്ന മുറിയിലെ വസ്തുക്കൾ സുരക്ഷിതമായി അവിടെയുണ്ടാകുമെന്നാണ് കരുതിയത്. അതുവിശ്വസിച്ചാണ് കോടതിയിൽനിന്ന് ഹർജി പിൻവലിക്കാൻ തയ്യാറായത്. ഈ വിവരങ്ങൾ കോടതി നിയമിച്ച ഉദ്യോഗസ്ഥരെ ധരിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. പ്രസാദ് സ്റ്റുഡിയോ സ്ഥാപകനായ എൽ.വി. പ്രസാദ് വാക്കാലുള്ള അനുമതി നൽകിയതിനാലാണ് ഇളയരാജ റെക്കോഡിങ്ങിന് സ്റ്റുഡിയോ ഉപയോഗിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം പ്രസാദിന്റെ പിൻഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ രാജയോട് സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. Content Highlights: Ilayaraja, prasad studio controversy, Ilayaraja vacates his chamber, Madras Highcourt
from mathrubhumi.latestnews.rssfeed https://ift.tt/2KXNwtY
via
IFTTT