Breaking

Thursday, December 31, 2020

കര്‍ഷകരെ പറ്റിച്ച് വ്യാപാരികള്‍ 5 കോടി തട്ടിയെടുത്തു: വഞ്ചിതരായത് മണ്ഡികള്‍ക്ക് പുറത്ത് വിറ്റവര്‍

ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകരെ വഞ്ചിച്ച് വ്യാപാരികൾ തട്ടിയെടുത്തത് അഞ്ച് കോടിയുടെ കാർഷിക വിളകൾ. സംസ്ഥാനത്തെ നാല് ജില്ലകളിൽനിന്നുള്ള 150ഓളം കർഷകരുടെ 2600 ക്വിന്റലോളം കാർഷിക വിളകളാണ് വണ്ടിച്ചെക്ക് നൽകി വ്യാപാരികൾ തട്ടിയെടുത്തത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും കൃഷിമന്ത്രി കമൽ പട്ടേലിന്റെയും ജില്ലകളിൽനിന്നുള്ളവരാണ് പറ്റിക്കപ്പെട്ടവരിൽ കൂടുതൽ പേരുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മണ്ഡികൾക്ക് പുറത്തുള്ള വ്യാപാരികൾക്ക് കാർഷികവിളകൾ വിറ്റ കർഷകരാണ് വഞ്ചിക്കപ്പെട്ടത്. കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങളുടെ ചുവടുപിടിച്ച് മണ്ഡികൾക്ക് പുറത്ത് വിൽപന നടത്തുന്നതിനുള്ള നിയന്ത്രണം സംസ്ഥാന സർക്കാർ ഇളവ് ചെയ്തതോടെയാണ് ഇത്തരത്തിലുള്ള കച്ചവടത്തിന് വഴിയൊരുങ്ങിയതെന്നാണ് റിപ്പോർട്ട്. കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചാണ് ഈ വ്യാപാരികൾ കർഷകരുമായി കച്ചവടം നടത്തിയത്. വിളകളുടെ വിലയായി കർഷകർക്ക് നൽകിയ ചെക്കുകൾ ബാങ്കുകൾ മടക്കിയതോടെയാണ് പറ്റിക്കപ്പെട്ട വിവരം കർഷകർ മനസ്സിലാക്കിയത്. തുടർന്ന് മണ്ഡികളിൽ ബന്ധപ്പെട്ടപ്പോൾ ഈ വ്യാപാരികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് മനസ്സിലായി. വ്യാജ വിലാസമാണ് വ്യാപാരികൾ നൽകിയിരുന്നത്. ഇവരെ തിരിച്ചറിയാൻ പോലും സാധിക്കാതെ പ്രയാസപ്പെടുകയാണ് തട്ടപ്പിനിരയായ കർഷകർ. സംസ്ഥാനത്ത് ആകെ 250 കർഷകർ ഇതുവരെ തട്ടിപ്പിനിരയായതായാണ് കണക്ക്. കൂടുതൽ പേർ പരാതികളുമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ദേവാസിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഓഫീസിൽ സമാന പരാതിയുമായി 22 കർഷകർ പ്രതിഷേധിച്ചിരുന്നു. സെഹോർ, ഹാർദ, ഹൊസങ്കബാദ് ജില്ലകളിൽനിന്ന് മാത്രം 150 കർഷകരാണ് തട്ടിപ്പിനിരയായത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും പറ്റിക്കപ്പെട്ടവർക്ക് പണം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. ഡൽഹിയിൽ കാർഷിക നിയമങ്ങൾക്കതിരെ സമരം ചെയ്യുന്ന കർഷകർ, കേന്ദ്രസർക്കാരുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മധ്യപ്രദേശിലെ കർഷകർ തട്ടിപ്പിനിരയായ സംഭം ചൂണ്ടിക്കാട്ടിയിരുന്നു. Content Highlights:Around 150 Madhya Pradesh Farmers Allegedly Cheated 5 Crore


from mathrubhumi.latestnews.rssfeed https://ift.tt/3mXHx5P
via IFTTT