നെയ്യാറ്റിൻകര: കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷകകമ്മിഷനും പോലീസിനും മുന്നിൽ ഭാര്യയെ ചേർത്തുപിടിച്ച് ഗൃഹനാഥൻ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഈ മാസം 22ന് ആണ് ദാരുണമായ സംഭവം ഉണ്ടായത്. ജീവനൊടുക്കാൻ ശ്രമിച്ച പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം രാജൻ (47) ഭാര്യ അമ്പിളി (40) എന്നിവർ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുടിയൊഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ രാജൻ അമ്പിളിയെ ചേർത്തുപിടിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനിടെ പോലീസ് രാജന്റെ കൈയ്യിലെ ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ്തീ പടർന്നത്. ഗ്രേഡ് എസ്.ഐ. അനിൽകുമാറിനും പൊള്ളലേറ്റിരുന്നു. അതേസമയം, തങ്ങൾ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് ഒഴിപ്പിക്കാനായി പോലീസ് എത്തിയതെന്നും അരമണിക്കൂർ സമയം തരണമെന്ന് ചോദിച്ചിട്ട് അനുവദിക്കാതെ ഉടൻ ഇറങ്ങാൻപോലീസ് ആക്രോശിച്ചെന്നും രാജന്റെ മകൻ രഞ്ജിത് പറഞ്ഞു. പ്ലസ്ടു വിദ്യാർഥിയാണ് രഞ്ജിത്. രാജൻ തന്റെ വസ്തു കൈയേറിയെന്ന് കാണിച്ച് ജനുവരി മാസത്തിൽ സമീപവാസിയായ വസന്ത പരാതിയുമായി നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുനിസിഫ് കോടതിയെ സമീപിച്ചിരുന്നു. കൈയ്യേറ്റം നടത്തിയ വസ്തുവിൽ നിർമാണപ്രവൃത്തികൾ നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ, കോവിഡ് വ്യാപനകാലത്ത് രാജൻ ഇവിടെ കുടിൽ കെട്ടി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസമാക്കി. തന്റെ സ്ഥലത്താണ് കുടിൽകെട്ടിയതെന്നാണ് രാജന്റെ വാദം. ഇതിനെതിരേ വസന്ത വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് കോടതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് അഭിഭാഷക കമ്മിഷനെ നിയമിച്ചു. രണ്ടുമാസം മുൻപ് കമ്മിഷന്റെ നേതൃത്വത്തിൽ കുടിൽ ഒഴിപ്പിക്കാൻ എത്തിയെങ്കിലും രാജന്റെ എതിർപ്പിനെത്തുടർന്ന് ഒഴിപ്പിക്കൽ നടന്നില്ല. കൈയേറി കെട്ടിയ കുടിൽ പോലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കാനായി കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ അഭിഭാഷകകമ്മിഷനും പോലീസും സ്ഥലത്തെത്തുകയായിരുന്നു. വീട് ഒഴിയാൻ ആവശ്യപ്പെടുന്നതിനിടെ രാജൻ വീടിനകത്തു കയറി കന്നാസിൽ കരുതിയ പെട്രോൾ ദേഹത്തൊഴിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് കോടതി ഉത്തരവ് നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. ജീവനൊടുക്കാൻ ശ്രമിച്ചതിനും കോടതി ഉത്തരവു നടപ്പിലാക്കാനെത്തിയവരെ തടസ്സപ്പെടുത്തിയതിനും രാജനെതിരേ നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തിട്ടുണ്ട്. Content Highlights:Suicide attempt while evacuating home; footage out
from mathrubhumi.latestnews.rssfeed https://ift.tt/3hlHUpr
via
IFTTT