വണ്ടൂർ: പഞ്ചായത്തംഗവും മലപ്പുറം ഡി.സി.സി. ജനറൽസെക്രട്ടറിയുമായ സി.കെ. മുബാറക് (61) അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.തിരഞ്ഞെടുപ്പിനു തലേന്ന് അദ്ദേഹം കോവിഡ് ബാധിതനായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നെഗറ്റീവായി. ശനിയാഴ്ച രാവിലെ കടുത്ത ന്യുമോണിയയെത്തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മരിച്ചത്.വണ്ടൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽനിന്നു വിജയിച്ച അദ്ദേഹം ഡിസംബർ 21-ന് ആംബുലൻസിൽ പി.പി.ഇ. കിറ്റ് ധരിച്ചെത്തി അവിടെക്കിടന്നാണ് സത്യപ്രതിജ്ഞചെയ്തത്. ഒപ്പിടാൻ നേരം പി.പി.ഇ. കിറ്റ് താത്‌കാലികമായി മാറ്റിയിരുന്നു. 23 വാർഡുകളുള്ള വണ്ടൂർ പഞ്ചായത്തിൽ യു.ഡി.എഫിന് 12 സീറ്റും എൽ.ഡി.എഫിന് 11 സീറ്റുമായിരുന്നു ലഭിച്ചത്. മുബാറക്കിന്റെ നിര്യാണത്തോടെ രണ്ട് കക്ഷികൾക്കും തുല്യ അംഗങ്ങളായി.വണ്ടൂർ സഹ്യ കോളേജ് മാനേജിങ് പ്രസിഡന്റ്, നിലമ്പൂർ കോ-ഓപ്പറേറ്റീവ് അർബൻബാങ്ക് ഡയറക്ടർ, വാണിയമ്പലം റൂറൽ സഹകരണസംഘം ഡയറക്ടർ എന്നീ സ്ഥാനങ്ങളുമുണ്ട്.ഭാര്യ: അനീസ മുബാറക്. മക്കൾ: ഡോ. ജിനു മുബാറക് (കെ.എം.സി.ടി. ഹോസ്‌പിറ്റൽ, മുക്കം), മനു മുബാറക് (ചാർട്ടേർഡ് അക്കൗണ്ടന്റ്, എറണാകുളം), മീനു മുബാറക്. മരുമക്കൾ: ഷേബ, ഫരീഹ, അദീബ് ജലീൽ (കരുനാഗപ്പള്ളി). ഖബറടക്കം കോവിഡ് ചട്ടപ്രകാരം നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2WNPFv6
via
IFTTT