വെള്ളറട: ആശുപത്രിയിൽവച്ചാണ് അരുണും ശാഖയും പരിചയപ്പെടുന്നത്. ശാഖയുടെ അച്ഛൻ ബാല്യത്തിലേ മരിച്ചു. പിന്നീട് അമ്മയുടെയും തിരുവനന്തപുരത്തെ ബന്ധുക്കളുടെയും വീട്ടിൽ താമസിച്ചാണ് പഠിച്ചതും വളർന്നതും. ശാഖയ്ക്ക് മൂന്നു സഹോദരിമാരും രണ്ടു സഹോദരന്മാരുമാണ് ഉണ്ടായിരുന്നത്.ഇതിൽ രണ്ടു സഹോദരങ്ങൾ മരിച്ചു. വിവാഹശേഷം സഹോദരിമാരും പലയിടത്തായി മാറിയതോടെ ശാഖയും അമ്മയും വീട്ടിൽ തനിച്ചായി. എട്ടേക്കറിലധികം റബ്ബർ കൃഷിയിടവും വീടും മറ്റു കുറച്ചു സ്ഥലവുമുണ്ട്. സമ്പത്ത് കൈക്കലാക്കുകയെന്ന ലക്ഷ്യമായിരുന്നിരിക്കാം അരുണിനെന്ന് പോലീസ് പറയുന്നു. വിവാഹച്ചെലവുകൾക്കായി 10 ലക്ഷത്തോളം രൂപ ശാഖയിൽനിന്ന് അരുൺ കൈക്കലാക്കിയിരുന്നു. വിവാഹം സമീപത്തെ പള്ളിയിൽവച്ച് നടന്നപ്പോഴും ഇയാളുടെ ബന്ധുക്കൾ എത്തിയിരുന്നില്ല. കുറേ കൂട്ടുകാർ മാത്രമാണ് പങ്കെടുത്തത്. വിവാഹവിരുന്ന് സമയത്ത് ഫോട്ടോയെടുക്കാൻ ശ്രമിച്ച ശാഖയുടെ ചില ബന്ധുക്കളുമായി ഇയാൾ വഴക്കിട്ടതായി നാട്ടുകാർ പറയുന്നു. കല്യാണം കഴിഞ്ഞതിൽ ചിലർ കളിയാക്കുന്നുണ്ടെന്നു പറഞ്ഞ് മദ്യലഹരിയിൽ ശാഖയുമായി വഴക്കിടാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ‘ഇവിടെ മിക്കവാറും വഴക്കാണ്. മുമ്പൊരിക്കൽ വൈദ്യുതി പ്ലഗിൽനിന്ന് വയർ ഘടിപ്പിച്ച് ശാഖയുടെ ദേഹത്തിട്ടു. അതു വലിച്ചെറിഞ്ഞതിനാൽ ഷോക്കേറ്റില്ല’- ഹോം നഴ്‌സ് രേഖാ സുരേഷ് പറഞ്ഞു. ദിവസങ്ങൾക്കു മുൻപ് വീട്ടിലെ പുറത്തുള്ള വൈദ്യുതി മീറ്ററിൽനിന്ന് നേരിട്ട് വയർ ഘടിപ്പിച്ച് ഹാളിലേക്കു വലിച്ചിരുന്നു. ഈ വയറിൽ വൈദ്യുതാലങ്കാര ബൾബുകളുള്ള വയർ ബന്ധിപ്പിച്ച നിലയിലായിരുന്നു. ഇതിലൂടെയുള്ള വൈദ്യുതപ്രവാഹമാണ് ശാഖയുടെ മരണത്തിൽ കലാശിച്ചത്. ശനിയാഴ്ച രാവിലെ ആറുമണിയോടെ ശാഖയ്ക്ക് ഷോക്കേറ്റുവെന്നു പറഞ്ഞ് അരുൺ പരിസരവാസികളെ വിളിച്ച് വീട്ടിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അകത്തെ മുറിയിൽ അമ്മ ഫിലോമിന രോഗാവസ്ഥയിൽ കിടപ്പിലാണ്. പിന്നീട് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം മണിക്കൂറുകൾക്കു മുമ്പേ നടന്നുവെന്ന് ഡോക്ടർമാർ അറിയിച്ചതായി പരിസരവാസികൾ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3rpGTBv
via
IFTTT