Breaking

Monday, December 28, 2020

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഡൽഹി മെട്രോയിൽ ഇന്നുമുതൽ; പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ തീവണ്ടി ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ജനക്പുരി മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള 37 കിലോമീറ്റർ പാതയിലാണ് ഡ്രൈവറില്ലാ തീവണ്ടിസർവീസ് തുടങ്ങുന്നത്. ഇതോടെ ലോകത്തെ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഏഴുശതമാനം ഡി.എം.ആർ.സി.യുടേതാകും. ഡി.എം.ആർ.സി.യുടെ മൂന്ന് കമാൻഡ് സെന്ററുകളിൽനിന്നാണ് ഡ്രൈവറില്ലാ തീവണ്ടികളുടെ പൂർണ നിയന്ത്രണം. ആറുമാസത്തിനകം ഡൽഹി മെട്രോയുടെ മജ്‌ലിസ്പാർക്ക് മുതൽ ശിവ് വിഹാർ വരെ 57 കിലോമീറ്റർ വരുന്ന പിങ്ക് പാതയിലെ തീവണ്ടികളും ഡ്രൈവറില്ലാതെ ഓടിത്തുടങ്ങും. ഇതോടെ ഡൽഹി മെട്രോയുടെ 94 കിലോമീറ്റർ ‘ഡ്രൈവർലെസ്സ്’ ശൃംഖലയാകും. അപ്പോൾ ലോകത്തെ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഒമ്പതുശതമാനം ഡൽഹി മെട്രോയുടേതാകും. ഡൽഹി മെട്രോയ്ക്ക് ആകെ 390 കിലോമീറ്റർ പാതയാണുള്ളത്.ഡ്രൈവറില്ലാ തീവണ്ടികൾക്കുപുറമേ ഡൽഹി മെട്രോയുടെ വിമാനത്താവള അതിവേഗപാതയിലെ നാഷണൽ കോമൺ മൊബിലിറ്റി കാർഡിന്റെ (എൻ.സി.എം.സി.) ഉദ്ഘാടനവും തിങ്കളാഴ്ച രാവിലെ 11-ന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനംചെയ്യും. റൂപേ ഡെബിറ്റ് കാർഡ് കൈവശമുള്ള ആർക്കും വിമാനത്താവള അതിവേഗപാതയിൽ യാത്രചെയ്യാൻ അതുപയോഗിക്കാം. 2022-ഓടെ ഡൽഹി മെട്രോയുടെ മുഴുവൻ ശൃംഖലയിലും ഈ സൗകര്യം നടപ്പാക്കും.നിലവിൽ രാജ്യത്തെ 18 നഗരങ്ങളിലായി 702 കിലോമീറ്റർ മെട്രോ പാതയാണുള്ളത്. 2022-ൽ രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോൾ ഇന്ത്യയിൽ 1000 കിലോമീറ്ററിലേറെ മെട്രോ പാതയുണ്ടാകും. അതിൽ ദിവസവും ഒരുകോടിയിലേറെയാളുകൾ യാത്രചെയ്യും.


from mathrubhumi.latestnews.rssfeed https://ift.tt/3hqN97h
via IFTTT