ലണ്ടൻ: നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഷാർദുൽ താക്കൂർ ക്രീസിൽ എത്തുംവരെ ഓവൽ മൈതാനത്ത് ഇംഗ്ലീഷ് ബൗളർമാരുടെ അഴിഞ്ഞാട്ടമായിരുന്നു. ഇടയ്ക്ക് ക്യാപ്റ്റൻ വിരാട് കോലിയുടെ ഇന്നിങ്സ് ഒഴിച്ചുനിർത്തിയാൽ നിയന്ത്രണം ഇംഗ്ലീഷ് ബൗളർമാർക്കായിരുന്നു. എന്നാൽ താക്കൂർ ക്രീസിലെത്തിയതോടെ കഥമാറി. ഒലി റോബിൻസണും ക്രിസ് വോക്സും ക്രെയ്ഗ് ഓവർടണുമടക്കമുള്ള ഇംഗ്ലീഷ് നിരയെ അങ്ങോട്ടുകയറി ആക്രമിക്കുകയായിരുന്നു താക്കൂർ. വെറും 36 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴു ഫോറുമടക്കം 57 റൺസെടുത്ത ശേഷമാണ് താക്കൂറിന്റെ വെടിക്കെട്ട് അവസാനിപ്പിക്കാൻ ഇംഗ്ലീഷ് നിരയ്ക്കായത്. എട്ടാം വിക്കറ്റിൽ ഉമേഷ് യാദവിനൊപ്പം 48 പന്തിൽ നിന്ന് 63 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കാനും താക്കൂറിനായി. മത്സരത്തിൽ 31-ാം പന്തിൽ ക്രിസ് വോക്സിനെ സിക്സറിന് പറത്തിയാണ് താക്കൂർ 50 തികച്ചത്. ഇതോടെ ടെസ്റ്റിൽ ഇംഗ്ലണ്ട് മണ്ണിലെ വേഗമേറിയ അർധ സെഞ്ചുറിയെന്ന റെക്കോഡും താക്കൂർ സ്വന്തം പേരിലാക്കി. മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബോതം 1986-ൽ സ്ഥാപിച്ച റെക്കോഡാണ് താക്കൂർ 35 വർഷങ്ങൾക്കു ശേഷം ഇപ്പോൾ മറികടന്നിരിക്കുന്നത്. അന്ന് 32പന്തിൽ നിന്നാണ് ബോതം അർധ സെഞ്ചുറി നേടിയത്. ടെസ്റ്റിൽ ഇന്ത്യയുടെ വേഗമേറിയ അർധ സെഞ്ചുറിയുടെ റെക്കോഡ് കപിൽ ദേവിന്റെ പേരിലാണ്. 1982-ൽ കറാച്ചിയിൽ പാകിസ്താനെതിരേ 30 പന്തിൽ നിന്നാണ് കപിൽ 50 തികച്ചത്. Content Highlights: Shardul Thakur hits fastest fifty breaks Ian Botham s record
from mathrubhumi.latestnews.rssfeed https://ift.tt/3yBZtZn
via
IFTTT