Breaking

Saturday, August 21, 2021

നറുക്കിൽ വീണുകിട്ടിയ ഭാഗ്യമല്ലിത്‌; കഠിനാധ്വാനത്തിന്റെ ഫലം

നീലേശ്വരം: മനസ്സുവച്ചാൽ നേടാൻ സാധിക്കാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് ബങ്കളം ലക്ഷംവീട് കോളനിയിലെ ടി.എം.രാഖി. ഇനിയിപ്പോൾ അങ്ങനെ വിളിച്ചാൽ പോര. ഡോ. ടി.എം.രാഖി എന്ന് വിളിക്കണം. ലോട്ടറി തൊഴിലാളിയായ ടി.വി.രാഘവൻ കണ്ട സ്വപ്നമാണ്‌ നിരന്തരമായ പ്രയത്നത്തിലൂടെ മകൾ രാഖി സാധിച്ചെടുത്തത്. 15 വർഷത്തോളമായി രാഘവൻ നീലേശ്വരത്ത് ലോട്ടറി വിൽപ്പന നടത്തുന്നു. പട്ടിക വർഗ വകുപ്പ് നൽകിയ ഒരുലക്ഷം രൂപയുപയോഗിച്ചുണ്ടാക്കിയ കൊച്ചുവീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ലോട്ടറി വിറ്റ് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽനിന്നാണ് കുടുംബം കഴിഞ്ഞുപോകുന്നത്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽനിന്നാണ് രാഖി എം.ബി.ബി.എസ്. ജയിച്ചത്. അവിടെത്തന്നെ ഇപ്പോൾ ഹൗസ് സർജൻസിയും ആരംഭിച്ചു. അഞ്ചാംതരം വരെ കക്കാട്ട് ഗവ. എച്ച്.എസ്.എസിൽ പഠിച്ച രാഖി പിന്നീട് പെരിയ നവോദയയിൽനിന്നാണ് ഉന്നതവിജയത്തോടെ പ്ലസ് ടു പൂർത്തിയാക്കിയത്. ഒരുവർഷം പ്രവേശനപരീക്ഷയ്ക്കായി തയ്യാറെടുത്തു. പരീക്ഷയിൽ പട്ടിക വർഗ വിഭാഗത്തിൽനിന്ന്‌ ജില്ലയിൽ ഒന്നാം റാങ്കോടെയാണ് 2016-ൽ എം.ബി.ബി.എസ്. സീറ്റ് നേടിയത്. മകളുടെ ഈ നേട്ടത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ് രാഘവനും അമ്മ വി.എം. ശോഭനയും സഹോദരൻ ടി.എം.രാഖിലും. നിലവിൽ നടന്ന്‌ വിൽക്കുന്നതിൽനിന്ന് മാറി ഇനി കടയിലിരുന്ന് ലോട്ടറി വിൽക്കണമെന്നും പാവപ്പെട്ടവന്റെ സങ്കടങ്ങളറിയുന്ന ഒരു ഡോക്ടറായി മകൾ വളരണമെന്നുമാണ് രാഘവന്റെ ആഗ്രഹം.


from mathrubhumi.latestnews.rssfeed https://ift.tt/3miicGP
via IFTTT