Breaking

Friday, August 27, 2021

അഫ്ഗാൻ എം.പി.യെ തിരിച്ചയച്ച സംഭവം; മന്ത്രി ജയ്ശങ്കർ ഖേദം പ്രകടിപ്പിച്ചു

ന്യൂഡൽഹി: തുർക്കിയിലെ ഇൗസ്താംബൂളിൽനിന്ന് ന്യൂഡൽഹിയിൽ ചികിത്സയ്ക്കായെത്തിയ അഫ്ഗാനിസ്താനിലെ എം.പി. രംഗീന കർഗാറിനെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച സംഭവത്തിൽ വിദേശ കാര്യമന്ത്രി എസ്. ജയ്ശങ്കർ ഖേദം പ്രകടിപ്പിച്ചു. വ്യാഴാഴ്ച ചേർന്ന സർവകക്ഷി യോഗത്തിൽ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴാണിത്. വിഷയം പരിശോധിക്കുമെന്നും അബദ്ധം സംഭവിച്ചതാണെന്നും ഇതാവർത്തിക്കില്ലെന്നും മന്ത്രി അറിയിച്ചതായി ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് 20-നാണ് അഫ്ഗാനിലെ ഫർയാബ് പ്രവിശ്യയുടെ പ്രതിനിധിയായ കർഗാർ ന്യൂഡൽഹി വിമാനത്താവളത്തിലിറങ്ങിയത്. അന്നു 11 മണിക്ക് ചികിത്സയ്ക്കായി സൗത്ത് ഡൽഹിയിലെ ആശുപത്രിയിൽ ഇവർ എത്തേണ്ടതായിരുന്നു. 22-ന് തിരിച്ച് ഇവർ ഇൗസ്താംബൂളിലേക്ക് മടക്ക ടിക്കറ്റും ബുക്കു ചെയ്തിരുന്നു. ഇതൊന്നും പരിഗണിക്കാതെ ദുബായ് വഴി ഇവരെ അതേ വിമാനത്തിൽ തിരിച്ചയക്കുകയായിരുന്നു. ഗാന്ധിജിയുടെ ഇന്ത്യയിൽ നിന്ന് താനിത് പ്രതീക്ഷിച്ചില്ലെന്നും തന്നെ കുറ്റവാളിയെപ്പോലെയാണ് പരിഗണിച്ചതെന്നും കർഗാർ പ്രതികരിച്ചിരുന്നു. ഇതേ പാസ്പോർട്ടിൽ മുമ്പും ഇന്ത്യയിൽ വന്നതായും അവർ വ്യക്തമാക്കിയിരുന്നു. 2010 മുതൽ അഫ്ഗാൻ രാഷ്ട്രീയത്തിലുള്ള കർഗാർ ഇപ്പോൾ തുർക്കിയിലാണ് താമസം. കഴിഞ്ഞ വർഷം അവർ കാനഡയോട് രാഷ്ട്രീയാഭയത്തിന് അപേക്ഷിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3jgrOQx
via IFTTT