തിരുവനന്തപുരം: കോവിഡ് പ്രതിരോധശേഷി കൈവരിച്ചവരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നേരിട്ട് പഠനം നടത്തും. നേരത്തേ ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ.) സിറോ പ്രിവലൻസ് പഠനം നടത്തിയിരുന്നു. രോഗം വന്നുമാറിയതുകൊണ്ടോ വാക്സിൻ സ്വീകരിച്ചതുനിമിത്തമോ പ്രതിരോധശേഷി കൈവരിച്ചവർ എത്രയെന്ന് കണ്ടെത്തുന്നതിനായാണ് പഠനം നടത്തുന്നത്. രക്തപരിശോധനയിലൂടെ രോഗാണുവിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമാണ് കണ്ടെത്തുന്നത്. പാലക്കാട്, എറണാകുളം, തൃശ്ശൂർ ജില്ലകളിലായി ഐ.സി.എം.ആർ. ജൂൺ, ജൂലായ് മാസങ്ങളിലായി നടത്തിയ പഠനത്തിൽ കേരളത്തിൽ സമൂഹപ്രതിരോധശേഷി നേടിയവർ 44.4 ശതമാനമാണെന്നായിരുന്നു കണ്ടെത്തൽ. ദേശീയതലത്തിൽ ഇത് 67.6 ശതമാനമായിരുന്നു. സംസ്ഥാനം അതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയംമൂലമാണ് രോഗബാധിതരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ കുറഞ്ഞതെന്നായിരുന്നു നിഗമനം. അമ്പതുശതമാനത്തോളംപേർ രോഗം വരാതെ രോഗവ്യാപന സാധ്യതയുള്ളവരായി അവശേഷിക്കുന്നതും ഡെൽറ്റ വൈറസ്സുമാണ് രണ്ടാം തരംഗം നീണ്ടുപോകാൻ കാരണമെന്ന് സർക്കാർ പറയുന്നതും ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. സാംപിൾ ശേഖരണം എല്ലാ ജില്ലകളിൽനിന്നും സംസ്ഥാന സർക്കാർ നടത്തുന്ന സിറോ സർവയലൻസ് പഠനത്തിൽ എല്ലാ ജില്ലകളിൽനിന്നും സാംപിൾ ശേഖരിക്കും. പതിനെട്ടിനുമുകളിലുള്ള എത്രപേരിൽ സാർസ് കോവ്-2 ഐ.ജി.ജി. ആന്റിബോഡിയുടെ സാന്നിധ്യം ഉണ്ടെന്നുള്ള പരിശോധനയാണ് നടത്തുക. ചികിത്സ തേടിക്കൊണ്ടിരിക്കുന്ന ഗർഭിണികൾ, അഞ്ചിനും 17-നുമിടയിലുള്ള കുട്ടികൾ എന്നിവരെയും പഠനവിധേയമാക്കും. സാംപിൾ ശേഖരണം, പഠനരീതി, പരിശോധന തുടങ്ങിയവ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ട്. Content Highlights: Studies will be conducted to find those who have acquired immunity
from mathrubhumi.latestnews.rssfeed https://ift.tt/3sTvUBf
via
IFTTT