Breaking

Friday, August 27, 2021

വാങ്ങാനാളില്ല; 30 കോടിക്ക് വാങ്ങിയ ഹെലികോപ്ടര്‍ നാല് കോടിക്ക് വില്‍പനയ്ക്ക്‌

ജയ്പുർ: 30 കോടി രൂപയ്ക്ക് വാങ്ങിയ ഹെലികോപ്ടർ രാജസ്ഥാൻ സർക്കാർ നാല് കോടി രൂപയ്ക്ക് വിൽപനക്ക് വെച്ചു. വാങ്ങാനാളില്ലാതെ ഒരു പതിറ്റാണ്ടോളമായി പറക്കാതെ വെള്ളാനയായി മാറിയ അഗസ്റ്റ ഹെലികോപ്ടറാണ് വിൽക്കാൻ ശ്രമിക്കുന്നത്. 2005-ൽ മുപ്പത് കോടിയോളം രൂപയ്ക്ക് വാങ്ങിയ ഇതിപ്പോൾ നാല് കോടി രൂപയ്ക്കാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2011-മുതൽ വിൽക്കാൻ ശ്രമിച്ചിട്ടും ആളെ കിട്ടാതെ ജയ്പൂരിൽ സൂക്ഷിച്ചിട്ടുള്ള ഹെലികോപ്ടർ ഉപയോഗശൂന്യമായി മാറികൊണ്ടിരിക്കുകയാണ്. ഇതോടെ ഇതിന്റെ യന്ത്രഭാഗങ്ങളും മറ്റു സാമഗ്രികളും കണക്കാക്കി പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. 12 തവണ വിൽക്കാൻ ശ്രമിച്ചിട്ടും നടക്കാതെ പോയ ഹെലികോപ്ടറിന്റെ വില 4.5 കോടിയായി സിവിൽ വ്യോമയാന മന്ത്രാലയം നിശ്ചയിച്ചിരുന്നു. 2005-ൽ വസുന്ധര രാജെസിന്ധ്യ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഹെലികോപ്ടർ വാങ്ങിയത്. 2011-ൽ അശോക് ഗഹലോത്ത് മുഖ്യമന്ത്രിയായിരിക്കെ പറക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാർ ഹെലികോപ്ടറിനെ നിലത്തിറക്കാൻ നിർബന്ധിതമായി. ഗഹലോത്ത് കഷ്ടിച്ച് രക്ഷപെട്ട അന്നത്തെ ആ യന്ത്രത്തകരാറിന് ശേഷം ഈ ഹെലികോപ്ടർ പിന്നീട് പറന്നിട്ടില്ല. പിന്നീട് വന്ന മുഖ്യമന്ത്രിമാരും ഇതിനോട് താത്പര്യം പ്രകടിപ്പിച്ചില്ല. ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്ന് 30 കോടി രൂപയ്ക്ക് വാങ്ങിയ ഇരട്ട എഞ്ചിൻ ഹെലികോപ്ടർ വിഐപികൾക്കായി പ്രത്യേകം സജ്ജീകരിച്ചതായിരുന്നു. കഴിഞ്ഞ ഒരു ദശകമായി രാജസ്ഥാൻ സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട് ഈ ഹെലികോപ്ടർ. 11 തവണ വിൽപ്പനക്ക് വെച്ചിട്ടും ആളെ കിട്ടാതായതോടെ അടുത്തിടെ ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യ ഒരു ഉന്നതതല യോഗം വിളിച്ചു. ഹെലികോപ്ടർ തലവേദന ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥരിൽ നിന്ന് നിർദേശങ്ങൾ തേടി. അതിന്റെ ഇപ്പോഴത്തെ അവസ്ഥയും ഭാവിയിലെ ഉപയോഗ സാധ്യതയും ചർച്ചയായി. ഒടുവിൽ നിശ്ചയിച്ച വിലയിൽ നിന്ന് കൂട്ടിയും കിഴിച്ചും നിരക്കിൽ ടെൻഡർ നൽകാൻ സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/38mkBbe
via IFTTT