ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ പോസ്റ്ററില്‍നിന്ന് പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിനെ ഒഴിവാക്കി എന്ന ആരോപണം അനാവശ്യമാണെന്നും ഇനി പുറത്തിറങ്ങാനിരിക്കുന്ന പോസ്റ്ററുകളില്‍ നെഹ്രുവിനെ ചിത്രീകരിക്കുന്നുണ്ടെന്നും ചരിത്ര കൗണ്‍സില്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ കൊടുത്ത പോസ്റ്ററില്‍ നെഹ്രുവിനെ ഒഴിവാക്കിയതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൗണ്‍സിലിന്റെ പ്രതികരണം.സ്വാതന്ത്ര്യസമരത്തില്‍ ആരുടേയും പങ്ക് കുറച്ചു കാട്ടാനുദ്ദേശിച്ചിരുന്നില്ലെന്നും ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ഒട്ടേറെ പോസ്റ്ററുകളില്‍ ഒന്ന് മാത്രമാണിതെന്നും ചരിത്ര കൗണ്‍സില്‍ വൃത്തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ് ഐ.സി.എച്ച്.ആര്‍.അതിനിടെ, ഐ.സി.എച്ച്. ആറിന്റെ നടപടിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്തുവന്നു. വിദ്വേഷത്തിനും മുന്‍ധാരണകള്‍ക്കും കൗണ്‍സില്‍ വഴങ്ങുകയാണെന്ന് ചിദംബരം ആരോപിച്ചു. മോട്ടോര്‍ കാറിന്റെ ജന്മദിനാഘോഷം നടത്തുമ്പോള്‍ ഹെന്റി ഫോഡിനെയും വിമാനങ്ങളുടെ ജന്മദിനാഘോഷങ്ങള്‍ക്ക് റൈറ്റ് സഹോദരന്മാരെയും ഒഴിവാക്കുമോ എന്ന് അദ്ദേഹം പരിഹസിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3zvpKtD
via
IFTTT