Breaking

Saturday, August 28, 2021

പാർട്ടിയുമായി അകന്നവരെ തിരിച്ചെത്തിക്കാൻ സി.പി.എം.

തിരുവനന്തപുരം: പാർട്ടിയിൽനിന്ന് അകന്നവരെ തിരിച്ചെത്തിക്കാൻ സി.പി.എം. നടപടി തുടങ്ങി. സംഘടനാ അടിത്തറ വിപുലപ്പെടുത്താനുള്ള സംസ്ഥാനകമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്. പാർട്ടി കോൺഗ്രസിനുള്ള പ്രവർത്തനങ്ങൾ കൂടുതൽപേരെ പാർട്ടിയിലേക്ക് എത്തിക്കാനുള്ളതുകൂടിയാക്കി മാറ്റണമെന്നാണു നിർദേശം. പാർട്ടിലിരിക്കെ ഗുരുതരവീഴ്ച കണ്ടെത്തുകയും അതിൽ തിരുത്തലില്ലാതെ തുടരുകയും ചെയ്യുന്നവരോട് വിട്ടുവീഴ്ചയുണ്ടാവില്ല. പ്രാദേശികപ്രശ്നങ്ങളാൽ പാർട്ടിയിൽനിന്ന് അകന്നവർ ഏറെയുണ്ട്. ഇതിൽ ചിലർ മറ്റു പാർട്ടികളിലേക്കുപോയി. മറ്റുചിലർ പ്രവർത്തനം അവസാനിപ്പിച്ചു. നല്ല കേഡർമാർ പലരെയും പാർട്ടിക്ക് ഇത്തരത്തിൽ നഷ്ടമായി. മുൻവിധികളില്ലാതെ ഇത്തരക്കാരെ തിരിച്ചെത്തിക്കണമെന്നാണു നിർദേശം. സംസ്ഥാനകമ്മിറ്റി അംഗങ്ങളടക്കം ഇത്തരം ശ്രമത്തിനു മുന്നിട്ടിറങ്ങും. ബി.ജെ.പി.യുടെ വളർച്ച, നിയമസഭാതിരഞ്ഞെടുപ്പിൽ 99 സീറ്റ് നേടിയിട്ടും വോട്ടുശതമാനത്തിൽവന്ന കുറവ് എന്നിവയെല്ലാം പാർട്ടിയുടെ സംഘടനാ അടിത്തറ വിപുലപ്പെടുത്തേണ്ടതുണ്ടെന്നു ബോധ്യപ്പെടുത്തുന്നതാണെന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തിയിരുന്നു. 'നമ്മുടെ സ്വാധീനമേഖലയിലേക്കും പരമ്പരാഗതവോട്ടിലേക്കും ബി.ജെ.പി. സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്'-എന്നായിരുന്നു സി.പി.എം. കണ്ടെത്തൽ. തിരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് പണ്ട് പാർട്ടിക്കൊപ്പമുള്ളവരെയെല്ലാം കൂടെനിർത്താനുള്ള തീരുമാനം. യു.ഡി.എഫിനും ബി.ജെ.പി.ക്കും പിന്നിൽ അണിനിരക്കുന്നവരെയും സി.പി.എമ്മിലേക്ക് അടുപ്പിക്കാനാണു ശ്രമം. കോൺഗ്രസിലെ ഭിന്നിപ്പിലും സി.പി.എം. കണ്ണുവെക്കുന്നുണ്ട്. എന്നാൽ, മറ്റു പാർട്ടികളിലുള്ളവരുമായി നേരിട്ട് ചർച്ച നടത്താൻ നിർദേശിച്ചിട്ടില്ല. വോട്ടുകണക്ക് നൽകുന്ന പാഠം ഓരോബൂത്തും അടിസ്ഥാനമാക്കി പ്രവർത്തനം ചിട്ടപ്പെടുത്താനുള്ള കർമപരിപാടിയാണ് സി.പി.എം. തയ്യാറാക്കിയിട്ടുള്ളത്. ഇടതുപക്ഷത്തിന് വോട്ടുകുറഞ്ഞ സ്ഥലങ്ങളിൽ അത് മെച്ചപ്പെടുത്താനുള്ള പ്രവർത്തനം ആസൂത്രണം ചെയ്യണം. മറ്റു പാർട്ടികളുടെ സ്വാധീനമേഖലയിൽ ഇടിച്ചുകയറാൻ പാകത്തിൽ ജനങ്ങളുമായി ബന്ധം സ്ഥാപിക്കണം. 41 മണ്ഡലങ്ങളിൽ 2016-ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ വോട്ട് കുറഞ്ഞതിന്റെ പാഠത്തിൽനിന്നാണ് പുതിയ പ്രവർത്തനമാർഗരേഖ തയ്യാറാക്കുന്നത്. 11 മണ്ഡലങ്ങളിൽ ബി.ജെ.പി. 5000-ത്തിലധികം വോട്ടുകൾ കൂട്ടി. ഇതിൽ ഏഴിടത്ത് എൽ.ഡി.എഫിന് വോട്ടുകുറഞ്ഞു. മഞ്ചേശ്വരം, പാലക്കാട്, തൃശ്ശൂർ, പുനലൂർ, ചാത്തന്നൂർ, ആറ്റിങ്ങൽ, ചിറയിൻകീഴ് എന്നിവിടങ്ങളിലാണിത്. 39 മണ്ഡലങ്ങളിൽ ബി.ജെ.പി.ക്ക് 5000-ത്തിലധികം വോട്ടുകുറഞ്ഞു. അതിൽ പലയിടത്തും എൽ.ഡി.എഫിന് വോട്ടുയർത്താനായി . വോട്ടുകൾ മാറിമറിയുന്ന സ്ഥിതിമാറ്റി ഇടതുപക്ഷത്തിന്റെ സ്വാധീനം കൂട്ടുകയാണ് സി.പി.എം. ലക്ഷ്യമിടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3mCfxYH
via IFTTT