Breaking

Sunday, August 29, 2021

ഫോൺ തട്ടിയെടുത്ത് പോലീസിനെ നിർത്താതെ വിളി: ഒടുവിൽ ‘കിങ് കോബ്ര’യെ പൊക്കി

കോഴിക്കോട്: ‘ആക്‌ഷൻ ഹീറോ ബിജു’ സിനിമയിൽ വയർലെസ് മോഷ്ടിച്ച മദ്യപാനി ‘കിങ് കോബ്ര’ പോലീസിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. തമിഴ്നാട്ടുകാരന്റെ മൊബൈൽഫോൺ തട്ടിയെടുത്ത പൊക്കുന്ന് സ്വദേശിയായ യുവാവ് കോഴിക്കോട് കസബപോലീസിനെ വട്ടംകറക്കിയതും ഏതാണ്ടിതുപോലെത്തന്നെ. മദ്യപിക്കുന്ന സ്വഭാവക്കാരനായ യുവാവ് രണ്ടാഴ്ചയോളമാണ് കസബപോലീസിന് തലവേദനയായത്. മോഷ്ടിച്ച മൊബൈലിൽനിന്ന് രാപകലില്ലാതെ നിർത്താതെ വിളിവന്നപ്പോൾ ഫോണെടുത്ത് സ്റ്റേഷനിലുള്ളവർ തളർന്നു. ഒരുദിവസം 100 തവണവരെ ഇയാൾ ഫോൺവിളിച്ചു. എടുക്കുമ്പോൾ കേൾക്കുന്നത് അസഭ്യവർഷം. ഒടുവിൽ ‘അജ്ഞാതനായ’ ആ ഫോൺവിളിക്കാരൻ പോലീസിന്റെ വലയിലായി. പൊക്കുന്ന് മാനന്ത്രാവിൽപാടം ഷാഹുൽഹമീദിനെ (29)ആണ് കസബ പോലീസ് അറസ്റ്റുചെയ്തത്. രണ്ടാഴ്ചയോളം തുടരെ സ്റ്റേഷനിലേക്ക് വിളിച്ച ഇയാൾ വനിതാപോലീസിനോടടക്കം വളരെമോശമായ ഭാഷയിലാണ് സംസാരിച്ചത്. അജ്ഞാതന്റെ വിളികാരണം സ്റ്റേഷനിൽ മറ്റുകോളുകൾ വരാത്ത അവസ്ഥയായിരുന്നു. ഫോണിലെ ചാർജ് തീരുന്നതുവരെ ഇയാൾ വിളിച്ചുകൊണ്ടേയിരിക്കും. ഫോൺവിളിയുടെ ഉറവിടം അന്വേഷിച്ചിറങ്ങിയ പോലീസിന് ലഭിച്ചത് തമിഴ്നാട്ടുകാരനായ ഒരാളുടെ വിലാസമാണ്. അയാളെ ചോദ്യംചെയ്തപ്പോഴാണ് ഷാഹുൽഹമീദ് ഫോണുമായി കടന്നുകളഞ്ഞത് അറിഞ്ഞത്. നാലുവർഷമായി വീട്ടിൽകയറാതെ നടക്കുകയാണ് പ്രതി. നേരത്തേ താമസിച്ച വാടകവീട്ടിൽനിന്ന്‌ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളെ കണ്ടെത്തുന്നതും വെല്ലുവിളിയായി. ശനിയാഴ്ച രാവിലെ 10.30-ഓടെ അജ്ഞാതന്റെ വിളി വീണ്ടുമെത്തി. കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡ് ബിൽഡിങ്ങിന് തീപിടിച്ചു എന്നായിരുന്നു അറിയിപ്പ്. ബസ്‌സ്റ്റാൻഡിൽ കുതിച്ചെത്തിയ പോലീസ് എല്ലായിടവും പരിശോധിച്ചെങ്കിലും ഒരു തീപ്പൊരിപോലും കണ്ടെത്താനാവാതെ മടങ്ങി. ഇതോടെ അജ്ഞാതനെ ഉടൻ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു സി.ഐ.എൻ. പ്രജീഷും സംഘവും. ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് സൈബർസെല്ലിന്റെ സഹായത്തോടെ മൊബൈൽഫോണിന്റെ ടവർലൊക്കേഷൻ കണ്ടെത്തി. പന്തീരാങ്കാവ് ടൗണിനടുത്തായിരുന്നു അജ്ഞാതനുണ്ടായിരുന്നത്. ടു ജി സിംകാർഡ് ഉപയോഗിക്കുന്നതിനാൽ കൃത്യമായ സ്ഥലംകണ്ടെത്താൻ പ്രയാസമായിരുന്നു. എങ്കിലും പോലീസ് രാവിലെ 11 മുതൽ വൈകീട്ട് മൂന്നരവരെ പന്തീരാങ്കാവ് ടൗണിലെ രണ്ടരകിലോമീറ്റർ പരിധിയിലുള്ള മുഴുവൻകടകളും ലോഡ്ജുകളും പരിശോധിച്ചു. ഇതിനിടയിലും അജ്ഞാതൻ സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഇയാളുടെ ഫോൺ സ്വീച്ച്ഓഫായി. എങ്കിലും പരിശോധനയുമായി മുന്നോട്ടുപോകാൻതന്നെയായിരുന്നു പോലീസിന്റെ തീരുമാനം. എല്ലാ സ്ഥലങ്ങളിലും പോലീസ് കയറിയിറങ്ങി. പന്തീരാങ്കാവ് ടൗണിലുള്ള മൂന്നുനില കെട്ടിടത്തിലെ ഒരുമുറിയിൽനിന്നും ഒടുവിൽ ഇയാളെ പിടികൂടിയപ്പോൾ പോലീസിന് എന്തെന്നില്ലാത്ത ആശ്വാസം. പ്രതിയിൽനിന്ന് ഫോണും കണ്ടെടുത്തു. സി.ഐ. എൻ. പ്രജീഷിനൊപ്പം എ.എസ്.ഐ. ജയന്ത്, സി.പി.ഒ.മാരായ നിരാസ്, ശ്രീജേഷ്, വിഷ്ണുപ്രഭ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3sXbBmo
via IFTTT