Breaking

Sunday, August 29, 2021

കുലങ്ങൾ പലതായി പിരിഞ്ഞ് കോൺഗ്രസ്; രാഹുൽ വിളിച്ചു, പൊട്ടിത്തെറി ഒഴിവായി

തിരുവനന്തപുരം: പൊട്ടിത്തെറിയുടെ വക്കിലെത്തിയ ഡി.സി.സി. പുനഃസംഘടന അവസാനനിമിഷം അനുരഞ്ജനത്തിലെത്തിയത് രാഹുൽഗാന്ധിയുടെ ഇടപെടലിലൂടെ. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഉമ്മൻചാണ്ടി, രമേശ് െചന്നിത്തല എന്നിവരുമായി രാഹുൽഗാന്ധി പലകുറി സംസാരിച്ചു. കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരം നാട്ടകം സുരേഷിന്റെയും ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ താത്പര്യപ്രകാരം ബാബു പ്രസാദിന്റെയും പേരുകൾ ഉൾപ്പെടുത്തി. ഇതോടെയാണ് എ, ഐ ഗ്രൂപ്പുകളുടെ വലിയ എതിർവികാരത്തിന് ഒരുപരിധിവരെ ശമനമായത്.എന്നാൽ, ഡി.സി.സി. പുനഃസംഘടനയിൽ മുറിവേറ്റെന്ന പൊതുവികാരം ഇരുഗ്രൂപ്പുകളിലും നീറിനിൽക്കുന്നു. ഗ്രൂപ്പ് പരിഗണനകൾക്കപ്പുറം തങ്ങൾ തുടർച്ചയായി അവഗണിക്കപ്പെടുന്നുവെന്ന വികാരമാണ് മുതിർന്നനേതാക്കൾ പങ്കുവെക്കുന്നത്. ഡി.സി.സി. പ്രസിഡന്റുമാരായി നിയമിതരായവരെല്ലാം വിശാലാർഥത്തിൽ എ, ഐ ഗ്രൂപ്പിൽപ്പെട്ടവരാണ്. ഗോത്രവഴിയിൽ നോക്കിയാൽ ഐ വിഭാഗത്തിന് എട്ടും എ-ക്ക് ആറും ജില്ലകളുമെന്നുകാണാം. എന്നാൽ, കെ.പി.സി.സി., പ്രതിപക്ഷ നിയമസഭാകക്ഷിസ്ഥാനങ്ങളിൽ പുതിയ നേതൃത്വം വന്നതോടെ ഗോത്രങ്ങൾ പലകുലങ്ങളായി പിരിഞ്ഞിരുന്നു.എ, ഐ ഗ്രൂപ്പുകളിൽ ഉൾപ്പിരിവുകൾ ഏറെ വന്നുകഴിഞ്ഞു. ഐ വിഭാഗത്തിൽത്തന്നെ ചെന്നിത്തലയോടൊപ്പം നിൽക്കുന്നവർ, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിങ്ങനെ ഓരോ പ്രബലനേതാക്കൾക്കൊപ്പം നിൽക്കുന്നവരുടെ വ്യത്യസ്ത കൂട്ടായ്മയുണ്ട്. എ ഗ്രൂപ്പിലും ഉൾപ്പിരിവുകൾ ഏറെവന്നുകഴിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് തുടങ്ങിയ പഴയ മുൻനിര എ ഗ്രൂപ്പുകാർ ഇപ്പോൾ ഉൾവൃത്തത്തിലില്ല.ഇപ്പോൾ നിയമിതരായവരോടൊന്നും ഉമ്മൻചാണ്ടിക്കോ രമേശ് ചെന്നിത്തലയ്ക്കോ എതിർപ്പില്ലെന്ന് അവരോടൊപ്പമുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, ഗ്രൂപ്പുകളിൽനിന്ന് ഈ മുതിർന്ന നേതാക്കൾ തിരഞ്ഞെടുത്തവരല്ല, കൂടുതൽ ജില്ലകളിലും ഡി.സി.സി. അധ്യക്ഷന്മാരായത്. രമേശ് ചെന്നിത്തലയുടെ തട്ടകമായ ആലപ്പുഴയിലും ഉമ്മൻചാണ്ടിയുടെ തട്ടകമായ കോട്ടയത്തുപോലും ഇരുവരുടെയും താത്പര്യം പരിഗണിച്ചല്ല കരടുപട്ടിക വന്നത്. ഇതാണ് ഗ്രൂപ്പുകളെ പൊട്ടിത്തെറിയിലേക്കു നയിച്ചത്. ഇതു തിരിച്ചറിഞ്ഞാണ് രാഹുൽഗാന്ധിയുടെ അവസാനനിമിഷത്തെ ഇടപെടൽ. ശാക്തികചേരികളിൽ വന്ന മാറ്റത്തിനനുസരിച്ച് ഇരു ഗ്രൂപ്പുകളിൽനിന്ന്‌ പുതിയ അധികാരകേന്ദ്രങ്ങളിലേക്ക് ആകർഷിക്കപ്പെട്ടവർക്കാണ് സ്ഥാനങ്ങൾ ലഭിച്ചതെന്ന് പരമ്പരാഗത ഗ്രൂപ്പുകൾ കുറ്റപ്പെടുത്തുന്നു. ഡി.സി.സി. പ്രസിഡന്റുമാരിൽ വേണുഗോപാലിനോട് ആഭിമുഖ്യമുള്ളവരുടെ എണ്ണം അവർ തെളിവായി ചൂണ്ടിക്കാട്ടുന്നു.ഭാരവാഹികൾ ഒറ്റക്കെട്ട്എ, ഐ ഗ്രൂപ്പുകൾ പരാതിക്കെട്ട് അഴിക്കുമ്പോഴും കെ.പി.സി.സി. വർക്കിങ് പ്രസിഡന്റുമാരും പ്രസിഡന്റും പ്രതിപക്ഷനേതാവും ഒറ്റക്കെട്ടായിനിന്നാണ് പട്ടിക തയ്യാറാക്കിയതെന്ന പ്രത്യേകതയും ഇപ്രാവശ്യമുണ്ട്. മുതിർന്നനേതാക്കളുമായുള്ള ചർച്ചയിലൂടെ അവരുടെ നിർദേശങ്ങൾ കേട്ടശേഷം തുടർന്നുനടന്ന ആലോചനകളിൽ കെ. സുധാകരനും വി.ഡി. സതീശനുമൊപ്പം വർക്കിങ് പ്രസിഡന്റുമാരായ പി.ടി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദിഖ് എന്നിവർ പങ്കാളികളായി. ഡൽഹി ചർച്ചകളിൽ കെ.സി. വേണുഗോപാലും ചേർന്നു. പട്ടിക അംഗീകരിക്കും വിയോജിപ്പ് രീതിയോട്കോൺഗ്രസ് പ്രസിഡന്റ് അംഗീകരിച്ച പട്ടികയായതിനാൽ പരസ്യമായി എതിർക്കാനില്ലെന്നു പറയുമ്പോഴും അതൃപ്തി പ്രകടിപ്പിക്കണമെന്ന തീരുമാനത്തിലാണ് എ, ഐ ഗ്രൂപ്പ് നേതൃത്വം. പട്ടിക സംബന്ധിച്ച് അന്തിമചർച്ചകൾ ഡൽഹിയിലേക്കു മാറ്റുകയും മുതിർന്നനേതാക്കളെ അവസാനവട്ട ചർച്ചകളിൽനിന്ന് അകറ്റിനിർത്തുകയും ചെയ്ത രീതിയോടുള്ള എതിർപ്പ് നിലനിർത്താനുമാണ് ഇരുഗ്രൂപ്പുകളുടെയും തീരുമാനം.


from mathrubhumi.latestnews.rssfeed https://ift.tt/3zsi4bI
via IFTTT