Breaking

Sunday, August 29, 2021

ഘടികാരത്തിന്റെ ടിക്, ടിക് ശബ്ദം; രാമചന്ദ്രന്റെ ജീവിതതാളം

പൊൻകുന്നം(കോട്ടയം): ആന്റിക്ലോക്ക്‌വൈസ് എന്ന് പാഠങ്ങളിൽ കേട്ടവർക്ക് അത് ഇവിടെ നേരിട്ട് കാണാം. രാമചന്ദ്രൻ രൂപമാറ്റം വരുത്തിയ ഘടികാരത്തിലൊന്ന് തിരിഞ്ഞുകറങ്ങുന്നതാണ്. സൂചി എങ്ങോട്ടോ കറങ്ങട്ടെ പക്ഷേ, സമയം കൃത്യമായിരിക്കണം. ക്ലോക്കുകളെ പ്രണയിക്കുന്ന രാമചന്ദ്രൻ, സമയം തെറ്റുന്നത് പൊറുക്കില്ല. കെ.എസ്.ആർ.ടി.സി. റിട്ട. മെക്കാനിക്കായ ചിറക്കടവ് ചെന്നാകുന്ന് നിരപ്പേൽ എൻ.ജെ.രാമചന്ദ്രൻ ക്ലോക്ക് മെക്കാനിക്കല്ല. ഘടികാരങ്ങളെ പ്രണയിച്ച് അവയുടെ ശേഖരം സ്വന്തമാക്കുകയായിരുന്നു.സുഹൃത്തുക്കളുടെ വീട്ടിലെത്തിയാൽ രാമചന്ദ്രൻ ആദ്യം നോക്കുന്നത് അവിടെ കേടായി ഉപേക്ഷിച്ച ക്ലോക്കുകളുണ്ടോ എന്നാണ്. അത് സ്വന്തമാക്കി, ജീവൻ നൽകി തന്റെ വീടിന്റെ ചുമരിലെ ക്ലോക്കുകൾക്കൊപ്പം ചേർക്കും. ഒന്നുംരണ്ടുമല്ല, 178 ക്ലോക്കാണ് പത്തുവർഷത്തിനിടെ രാമചന്ദ്രന്റെ വീടിന്റെ മുറികളിലും ഉമ്മറത്തുമായി സമയം കാട്ടുന്നത്. തിരിഞ്ഞ് സൂചിപോകുന്ന ക്ലോക്ക് ഒരു പരീക്ഷണമായിരുന്നു. പക്ഷേ, സമയം കൃത്യം കാണിക്കും. ഡയലിലെ അക്കങ്ങൾ അറബിക്. അറബിഭാഷ വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്നതിനാൽ ക്ലോക്കിൽ ആ രീതി പരീക്ഷിച്ചുനോക്കിയതാണ്. അറബിനാടുകളിൽപോലും ഇങ്ങനെയൊരു ക്ലോക്കില്ല. പഴയകാലത്ത് ഉപയോഗിച്ചിരുന്ന മലയാളം അക്കങ്ങളും ഹിന്ദി അക്കങ്ങളും ഡയലിൽ ഉറപ്പിച്ചും ക്ലോക്കുകളുണ്ടാക്കി. വീട്ടിലെ ശേഖരത്തിൽ പുതിയത് ഇല്ല. നാട്ടുകാരും സുഹൃത്തുക്കളും സമ്മാനിച്ച പഴയ ക്ലോക്കുകളാണെല്ലാം. മകൾ മീരയുടെ കൂട്ടുകാരികളും ക്ലോക്കുകൾ സമ്മാനിച്ചിട്ടുണ്ട്. സഹോദരിയുടെ മകൾ ബി.എഡിന് പഠിക്കുമ്പോൾ അവൾക്കായി രാമചന്ദ്രൻ തെർമോക്കോളിൽ ക്ലോക്ക് ഉണ്ടാക്കി. ആ പരിചയത്തിൽനിന്നാണ് തുടക്കം. പിന്നീട് നിരവധി കുട്ടികൾക്ക് ക്ലോക്കുണ്ടാക്കി നൽകി. ഒപ്പം ആരെങ്കിലും ‘വെറൈറ്റി ക്ലോക്ക്’ വേണമെന്ന് പറഞ്ഞാൽ സ്വന്തം പരീക്ഷണങ്ങളിലൂടെ പുതുമയുള്ളത് നൽകും.ഭാര്യ രമണിയും ബിരുദവിദ്യാർഥിനിയായ മകൾ മീരയും ഉൾപ്പെടുന്ന കുടുംബത്തിന്റെ താളമാണ് ഈ ക്ലോക്കുകളുടെ ടിക്, ടിക് ശബ്ദം.


from mathrubhumi.latestnews.rssfeed https://ift.tt/2WrNWz2
via IFTTT