Breaking

Monday, August 30, 2021

കേരള ബാങ്കിൽ യൂണിയൻ പ്രവർത്തനത്തിന് ‘നിയന്ത്രണ രേഖ’; സി.പി.എം. അനുകൂല യൂണിയൻ നേതാക്കളെ സ്ഥലംമാറ്റി

തിരുവനന്തപുരം: ജീവനക്കാരുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേരള ബാങ്ക്. സ്ഥലംമാറ്റം തുടങ്ങിയവയിൽ സംഘടനകൾ ഉൾപ്പെടെ ഇടപെടുന്നത് ചട്ടലംഘനമായി കണക്കാക്കുമെന്നാണ് പുതിയ സ്ഥലംമാറ്റച്ചട്ടത്തിന്റെ കരടിലെ വ്യവസ്ഥ. ഇതിനുപിന്നാലെ, സി.പി.എം. അനുകൂല യൂണിയനായ ‘ബെഫി’യിലെ രണ്ട് സംസ്ഥാന വനിതാ നേതാക്കളെ ജില്ലയ്ക്ക്‌ പുറത്തേക്ക്‌ സ്ഥലംമാറ്റി.ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ വനിതാ സബ്കമ്മിറ്റി നേതാക്കളായ സി. ഗീത, ബി.സി. ലീന എന്നിവരെയാണ്‌ സ്ഥലംമാറ്റിയത്. ഇരുവർക്കും കാസർകോട് യൂണിറ്റിലായിരുന്നു ജോലി. ലീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ശാഖയിലേക്കും ഗീതയെ കണ്ണൂർ പാപ്പിനിശ്ശേരി ശാഖയിലേക്കുമാണ്‌ മാറ്റിയത്. ഭരണപരമായ സൗകര്യത്തിന് അടിയന്തരമായി നടപ്പാക്കേണ്ടതാണെന്നാണ് ഉത്തരവിൽ പറയുന്നത്. ബാങ്ക് ചെയർമാനും സി.ഇ.ഒ.യും പങ്കെടുത്ത യോഗത്തിൽ പങ്കെടുക്കാതെ അവധിയെടുത്ത് യൂണിയൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതാണ് നടപടിക്ക് ഇടയാക്കിയതെന്നാണ് സംഘടനാ നേതാക്കൾ പറയുന്നത്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകൾക്കായി ബെഫിക്ക് രണ്ട് യൂണിയനുകളാണുണ്ടായിരുന്നത്. ജില്ലാബാങ്കുകൾ സംസ്ഥാന ബാങ്കിൽ ലയിച്ചതോടെ ഒരു യൂണിയനാക്കി മാറ്റാനുള്ള ചർച്ചകൾക്കാണ് ജനറൽ കൗൺസിൽ യോഗം ചേർന്നത്. ഇതേ ദിവസംതന്നെയാണ് കാസർകോട് യൂണിറ്റിൽ ബാങ്ക് ചെയർമാനും സി.ഇ.ഒ.യും പങ്കെടുത്ത യോഗവും ചേർന്നത്.ജില്ലാ ബാങ്കുകളിലായിരുന്നപ്പോൾ ഒരു ജില്ലയിൽ മാത്രം പരിമിതപ്പെടുന്നതായിരുന്നു സ്ഥലംമാറ്റം. കേരളബാങ്ക് വന്നെങ്കിലും ജില്ലയ്ക്ക് അപ്പുറത്തേക്ക് സ്ഥലംമാറ്റമുണ്ടാവില്ലെന്നാണ് ബെഫി നേതാക്കൾ പ്രവർത്തകരോട്‌ പറഞ്ഞിരുന്നത്. ഇതിനിടെയാണ് വനിതാ നേതാക്കളെത്തന്നെ ജില്ലയ്ക്കു പുറത്തേക്ക് സ്ഥലംമാറ്റിയത്. പുനപ്പരിശോധിക്കണമെന്ന് ബെഫി ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഉത്തരവുകൾ റദ്ദാക്കാൻ ഇടപെട്ടാൽ സ്റ്റാഫ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി ജീവനക്കാരന്റെ സർവീസ് ബുക്കിൽ രേഖപ്പെടുത്തുമെന്നാണ് സ്ഥലംമാറ്റ ചട്ടത്തിലെ വ്യവസ്ഥ. ഇതോടെ യൂണിയനിലും തർക്കം രൂക്ഷമാണ്. പരിഹാരമുണ്ടായില്ലെങ്കിൽ സംഘടനാ പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കാനാണ് ഒരുവിഭാഗം ആലോചിക്കുന്നത്. ഇത് ഒതുക്കാൻ ചെറിയ പ്രതിഷേധം സംഘടിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3ytSOjM
via IFTTT