Breaking

Tuesday, August 31, 2021

കുമാരനല്ലൂരിലെ ഈ മാടക്കടയിലേക്ക് ‘എം.ജി’യുടെ ഒന്നാം റാങ്ക്

കോട്ടയം: ഇക്കുറി എം.ജി.സർവകലാശാല ബി.സി.എ. പരീക്ഷയിൽ നന്ദു നാരായണനെ തേടി ഒന്നാം റാങ്ക് എത്തുമ്പോൾ അതിന്റെ തിളക്കം വ്യത്യസ്തമാണ്. കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും കടമ്പ താണ്ടിയതാണ് കുമാരനല്ലൂർ വല്യാലിൻചുവട് കിഴക്കേകാലായിൽ കെ.ആർ.നാരായണന്റെയും പി.എം.ഇന്ദുവിന്റെയും മകൻ നന്ദുവിന്റെ പഠനമികവ്. കുമാരനല്ലൂർ ദേവിവിലാസം സ്കൂളിൽനിന്ന് പത്താം തരത്തിൽ എല്ലാ വിഷയത്തിനും എ പ്ളസ്. കോട്ടയം എം.ഡി. സ്കൂളിൽനിന്ന് പ്ളസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ളസ് നേടിയപ്പോൾ ബിരുദത്തിന് പ്രവേശനം കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ എന്നീ മൂന്ന് വിഷയങ്ങൾക്കും തുല്യപ്രാധാന്യമുള്ള ബി.സി.എ. തിരഞ്ഞെടുത്തു. അതാകട്ടെ വീടിനടുത്തുള്ള കെ.ഇ. കോളേജിൽ സെൽഫ് ഫിനാൻസിങ് രീതിയിലേയുള്ളൂതാനും. അതോടെ മൂന്നര സെന്റ് വീടിനോട് ചേർന്നുള്ള വഴിയിൽ ഷീറ്റിട്ട മാടക്കടയിൽ അച്ഛനൊപ്പം മുണ്ടും മുറുക്കിക്കെട്ടി അധ്വാനിക്കാൻ നന്ദുവും കൂടി. തന്റെ ഫീസ് അടയ്ക്കണം. വീട്ടുചെലവ് നടക്കണം. പത്താം തരത്തിൽ പഠിക്കുന്ന അനിയത്തിയുടെ പഠനചെലവ്. എല്ലാംകൂടി നല്ലൊരു തുക വേണ്ടിവരുമ്പോൾ പലപ്പോഴും നേരിട്ട ബുദ്ധിമുട്ടുകൾ പലതാണ്. അന്നൊക്കെ അച്ഛനാണ്ധൈര്യംകൊടുത്തത്- 'നന്നായി പഠിക്കുക. ഫലം കിട്ടും'.അങ്ങനെ പറയാൻ അച്ഛന് കാരണമുണ്ട്. എന്നും അധ്വാനിച്ച് ജീവിക്കുന്നതിൽ പുതുവഴി തേടിയിട്ടുള്ള അച്ഛൻ സ്വർണപ്പണി ഉപേക്ഷിച്ച് കൂലിപ്പണിക്കും പിന്നീട് മാടക്കടയിട്ടുമാണ് കുടുംബം പുലർത്തുന്നത്. ലോട്ടറിക്കൊപ്പം പച്ചക്കറിയും കുറച്ച് പലവ്യഞ്ജനവുമായി കട ഇത്തിരിവട്ടത്തിലാകുമ്പോൾ ദിവസവും കച്ചവടം കിട്ടണേയെന്നാണ് പ്രാർത്ഥന. അതിൽനിന്ന് കിട്ടുന്ന ഓരോ കൊച്ചുപൈസയും തനിക്ക് പഠിക്കാൻ കൂടി വേണ്ടതാണെന്ന ബോധ്യമുണ്ട് നന്ദുവിന്. ഇത്തിരി കുഞ്ഞൻകടയിലെ കുഞ്ഞുവരുമാനത്തിൽനിന്ന് അത്യാവശ്യത്തിനല്ലാതെ ഒന്നും ചെലവഴിച്ചിട്ടില്ല. എന്ത് ധൂർത്തും തന്റെ പഠനം ഉലയ്ക്കുമെന്ന ഉത്തമബോധ്യമുണ്ട് നന്ദുവിന്. ബി.സി.എ. പാസായപ്പോൾ കാന്പസ് അഭിമുഖത്തിലൂടെ ഒരു െചറിയ ജോലി തരമായിട്ടുണ്ട്. പണത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും എം.സി.എ. പൂർത്തിയാക്കി മുന്നോട്ടുപോകാനാണ് ആഗ്രഹം. എങ്കിലും കടയിലെ ഇല്ലായ്മകളിലും ചിരിച്ച മുഖവുമായി അവൻ നടന്നുകയറുന്നത് തന്റെ സ്വപ്നങ്ങളുടെ പടികളിെലാന്നിലേക്കാകും, ഉറപ്പ്.


from mathrubhumi.latestnews.rssfeed https://ift.tt/3mOa6Gi
via IFTTT