Breaking

Saturday, August 28, 2021

അഫ്ഗാനിൽ പ്രാണൻ പണയപ്പെടുത്തിയുണ്ടാക്കിയ സമ്പാദ്യം കരുവന്നൂർ ബാങ്ക് വിഴുങ്ങി

തൃശ്ശൂർ: അഫ്ഗാനിസ്താനിൽ എട്ടുവർഷം പ്രാണൻ പണയപ്പെടുത്തിയുണ്ടാക്കിയ സമ്പാദ്യം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച ജഗദീശൻ പൊട്ടിപ്പൊളിഞ്ഞ വീട് നന്നാക്കാൻപോലും പണമില്ലാതെ വലയുന്നു. പ്രവർത്തനപ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിൽനിന്ന് നിക്ഷേപകർക്ക് ആഴ്ചയിൽ കിട്ടുന്നത് 10,000 രൂപ മാത്രമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു ജഗദീശന്റെ ഭാര്യയുടെ പ്രസവം. അതിന് പണം കണ്ടെത്താൻപോലും കടം വാങ്ങേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു. കൈയിലുണ്ടായിരുന്ന പണം ഉപയോഗിച്ച് വീടിന്റെ അറ്റകുറ്റപ്പണിക്കായി ഒാടും മരങ്ങളും സിമന്റും വാങ്ങിവെച്ചു. അതിനുശേഷം ബാങ്കിൽനിന്ന് നിക്ഷേപം പിൻവലിച്ച് നല്ലരീതിയിൽ പുനർനിർമാണം നടത്താനിരിക്കെയാണ് നിക്ഷേപം പിൻവലിക്കലിന് നിയന്ത്രണം വന്നത്. മൂർക്കനാട് കിഴുത്താണി ജഗദീശൻ (50) 2007-ൽ ആണ് അമേരിക്കൻ കന്പനിയുടെ ജീവനക്കാരനായി അഫ്ഗാനിസ്താനിലെത്തിയത്. 2015 ജൂലായ് 18-ന് ഘാസ്നിയിലുണ്ടായ വലിയ ആക്രമണത്തിൽനിന്ന് തലനാരിഴയിടയ്ക്കാണ് ജഗദീശൻ രക്ഷപ്പെട്ടത്. ആ വർഷംതന്നെ തിരിച്ചുപോന്നു. കമ്പനി നേരിട്ട് ഇരിങ്ങാലക്കുടയിലെ പൊതുമേഖലാ ബാങ്കിലേക്കാണ് ജഗദീശന്റെ ശമ്പളം അയച്ചിരുന്നത്. നാട്ടിൽ മടങ്ങിയെത്തിയ ഉടൻ അയൽവാസിയായ സുഹൃത്തിന്റെ നിർബന്ധപ്രകാരമാണ് നിക്ഷേപം കരുവന്നൂർ സഹകരണ ബാങ്കിന്റെ മൂർക്കനാട് ശാഖയിലേക്ക് മാറ്റിയത്. ചെറുതല്ലാത്ത, സുരക്ഷിതമായ നിക്ഷേപം ഉണ്ടായിരുന്നതിനാൽ മക്കളുടെ പഠനസൗകര്യത്തിന് തൃശ്ശൂർ നഗരത്തിൽ വാടകവീട്ടിലേക്ക് താമസം മാറ്റി. ചെറിയ ബിസിനസും തുടങ്ങി. കോവിഡുകാലത്ത് ബിസിനസ് നഷ്ടമായി. വരുമാനമില്ലാതെയും ബാങ്കിൽനിന്ന് നിക്ഷേപം എടുക്കാനാകാതെയും വന്നതോടെ വാടകയ്ക്കുപോലും വഴിമുട്ടി താമസം തിരികെ മൂർക്കനാട്ടെ വീട്ടിലേക്ക് മാറ്റി. ഇൗ വീടാണ് പുതുക്കിപ്പണിയാൻപോലും സാധിക്കാതെ കിടക്കുന്നത്. നാല് മക്കളുണ്ട് ജഗദീശന്. ഒാട്ടിസമുള്ള മൂത്തകുട്ടിയുടെ ചികിത്സയ്ക്ക് വലിയ ചെലവുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3mDpdCe
via IFTTT