Breaking

Monday, August 30, 2021

‘ഈ കാഴ്ചകൂടി കെടുത്തരുത്, ഞങ്ങൾക്കിവനെ വേണം’

കൊല്ലം : വിനോഷിനെ ഞങ്ങൾക്കുവേണം. അവന്റെ കാഴ്ച നഷ്ടപ്പെടരുത്. ശസ്ത്രക്രിയ വിജയിച്ച് അവന്റെ സിനിമ യാഥാർഥ്യമാകണം. നിങ്ങളും ഒപ്പമുണ്ടാവണം. പറയുന്നത് ‘മൺറോ ഫ്രണ്ട്‌സി’നുവേണ്ടി വിഷ്ണുവും ചന്തുവും. ഇവരാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ചികിത്സമതിയാക്കാൻ തീരുമാനിച്ചതാണ്. അതിനുമുൻപ്‌ ഒരു ആൽബം ഒരുക്കണമെന്നുണ്ടായിരുന്നു. എന്നാൽ എഴുതാൻ പേനയെടുക്കുമ്പോൾ അനുഭവിക്കുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കാൻ വയ്യ-മൺറോത്തുരുത്ത് പട്ടംതുരുത്ത് വി.എൽ.നിവാസിൽ വിനോഷ് വിജയൻ (36) പറയുന്നു.കളിച്ചും ചിരിച്ചും വിനോഷ് എല്ലാത്തിനും ഓടിനടക്കുന്നത് ഗുരുതരമായ രോഗവും പേറിയാണെന്ന് ‍ഞങ്ങൾ അടുത്ത സുഹൃത്തുക്കളല്ലാതെ ആരും അറിഞ്ഞില്ല. അവന്റെ അച്ഛനും അമ്മയും ഇപ്പോഴാണ് അറിയുന്നത്. ഇടതുകണ്ണിന്റെ കാഴ്ചകൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് അടിയന്തര ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചത്-ചന്തു പറഞ്ഞു. വൃക്കരോഗിയായ അച്ഛൻ വിജയനും ഹൃദ്രോഗിയായ അമ്മ ലതികയുമാണ് വിനോഷിനൊപ്പം വീട്ടിലുള്ളത്. സെപ്റ്റംബർ എട്ടിന് എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. ‘ഒപ്റ്റിക് നെർവ് ഷെത്ത് ബ്രെയിൻ ട്യൂമർ’ എന്ന അപൂർവരോഗമാണ്‌ വിനോഷിന്‌. പല ആശുപത്രികളിലെ ഒരുപാട് ഡോക്ടർമാരെ കണ്ടിട്ടും ആരും ശസ്ത്രക്രിയചെയ്യാൻ തയ്യാറായില്ല. വിജയസാധ്യത കുറവാണെന്നായിരുന്നു കാരണം. ഒടുവിൽ അമൃതയിലെ ന്യൂറോ സർജറി, നേത്രരോഗ, ഇ.എൻ.ടി. വിഭാഗങ്ങൾ ചേർന്ന്‌ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ശസ്ത്രക്രിയ വിജയിച്ച് ജീവിതം സാധാരണപോലെ ആകുമെന്നാണ് വിശ്വാസം. ഇവരെല്ലാം കൂടെയുള്ളതാണ് കരുത്ത്. നാട്ടിലെ കാര്യങ്ങൾക്കെല്ലാം ഒന്നിച്ചിറങ്ങുന്ന, വള്ളംകളിക്ക് ഒന്നിച്ചുതുഴയുന്ന കട്ടചങ്ക്സ് ആയി കൂടെനിൽക്കുന്നവരെപ്പറ്റി വിനോഷ് പറയുന്നു.ഐ.ടി.ഐ. ജയിച്ച് സ്വകാര്യകമ്പനികളിൽ ജോലിചെയ്തിരുന്ന വിനോഷിന് സിനിമയായിരുന്നു സ്വപ്നം. ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. വസ്ത്രാലങ്കാര സഹായിയായി ‘മാസ്റ്റർപീസ്’ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ‘ഹോർമോൺ’ എന്ന സിനിമയ്ക്ക് വിനോഷും ചന്തുവും ചേർന്ന് കഥയെഴുതി. അതിനിടയിലാണ് രോഗം സങ്കീർണമാകുന്നത്. ചികിത്സയ്ക്ക്‌ പണം കണ്ടെത്താൻ എല്ലാവരുംചേർന്ന് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടു. മൂന്നുലക്ഷത്തോളം രൂപ കിട്ടി. കുറഞ്ഞത് 10 ലക്ഷമെങ്കിലും വേണം. എല്ലാവരും കൂടെയുണ്ടാകും എന്നാണ് ഇവരുടെ പ്രതീക്ഷ. ഗൂഗിൾ പേ നമ്പർ: 9633774343.


from mathrubhumi.latestnews.rssfeed https://ift.tt/3gFWlFW
via IFTTT