Breaking

Saturday, August 21, 2021

ഉജ്ജയിനിയിലെ പാണിനി സർവകലാശാലയ്ക്ക് ഇനി മലയാളി കുലപതി

പറവൂർ: ശ്രാവണ പൗർണമി ദിനമായ ഞായറാഴ്ച ലോകം സംസ്‌കൃത ദിനം ആചരിക്കുമ്പോൾ സംസ്‌കൃതത്തിനായി ജീവിതം സമർപ്പിച്ച മലയാളിക്ക് അംഗീകാരം. സംസ്‌കൃത പണ്ഡിതനായ ഡോ. സി.ജി. വിജയകുമാർ മധ്യപ്രദേശിലെ ഉജ്ജയിനി മഹർഷി പാണിനി സംസ്‌കൃത സർവകലാശാല (മഹർഷി പാണിനി സൻസ്‌കൃത് ഏവം വിശ്വവിദ്യാലയ) യുടെ വൈസ് ചാൻസലർ (കുലപതി) ആയി നിയമിതനായിരിക്കുന്നു. സംസ്‌കൃതം അറിയാവുന്ന ആർക്കും സി.ജി. വിജയകുമാർ എന്ന സംസ്‌കൃത പണ്ഡിതനെ കേട്ടറിവെങ്കിലുമുണ്ടാകും. സംസ്‌കൃത ഭാഷയുടെയും വ്യാകരണത്തിന്റെയും പ്രചാരണത്തിനായി ഇന്ത്യയിൽ ഉടനീളവും വിദേശങ്ങളിലും ഇദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്. നാഗ്പുരിലെ കവി കുലഗുരു കാളിദാസ സംസ്‌കൃത സർവകലാശാല രജിസ്ട്രാറായി അഞ്ചു വർഷത്തെ സേവനത്തിനു ശേഷമാണ് പാണിനി സർവകലാശാലയിൽ വൈസ് ചാൻസലറായി നിയമിതനായത്. ശനിയാഴ്ച അദ്ദേഹം ചുമതലയേൽക്കും. പറവൂർ ഏഴിക്കര ഇന്ദീവരത്തിൽ താമസിക്കുന്ന ഇദ്ദേഹം തൃപ്പൂണിത്തുറ ചെറൂളിൽ ഗോപാലകൃഷ്ണൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽനിന്ന് സംസ്‌കൃത വ്യാകരണത്തിൽ ബിരുദാനന്തര ബിരുദം നേടി. പിഎച്ച്.ഡി.യും എടുത്തു. വിശ്വ സംസ്‌കൃത പ്രതിഷ്ഠാൻ (സംസ്‌കൃത ഭാരതി) പ്രചാരകനായിരുന്നു. കൊടുങ്ങല്ലൂർ വിദ്യുത്പീഠം, അമൃതഭാരതി വിദ്യാപീഠം, സുകൃതീന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട്, ബാലുശ്ശേരി ആദർശ വിദ്യാപീഠം എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. കുറച്ചുകാലം തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിലെ അധ്യാപകനായിരുന്നു. 1999-ലാണ് നാഗ്പുർ കാളിദാസ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായത്. പിന്നീട് അവിടെ ഡീനായി. വ്യാകരണ ശാസ്ത്രത്തിൽ കേരളത്തിന്റെ സംഭാവനകൾ, സംസ്‌കൃത വാഗ്വിലാസം, സംസ്‌കൃത ബാലസാഹിത്യം, രാമവർമ കാവ്യം (ഇംഗ്ലീഷ് പരിഭാഷ) എന്നിവ ഉൾപ്പെടെ നിരവധി സംസ്‌കൃത ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. യു.എസിൽനിന്നുള്ള സംസ്‌കൃതി ഭാരതി അവാർഡ്, ദോഹയിൽനിന്നുള്ള ഗാന്ധാര ആർട്‌സ് എവൻസ് അവാർഡ്, എൻ.എസ്.എസിന്റെ ബെസ്റ്റ് അക്കാദമിക് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജിലെ സംസ്‌കൃത വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി. രമാദേവിയാണ് ഭാര്യ. വിദ്യാർത്ഥിയായ അപർണ മേനോൻ ഏക മകൾ.


from mathrubhumi.latestnews.rssfeed https://ift.tt/2UBbHn7
via IFTTT