Breaking

Saturday, August 28, 2021

മൈസൂരു കൂട്ടബലാത്സംഗം: അന്വേഷണം കേരളത്തിലേക്ക്, പ്രതികൾ എൻജിനിയറിങ് വിദ്യാർഥികളെന്ന്‌ സൂചന

മൈസൂരു: ദേശീയതലത്തിൽ ചർച്ചയായ മൈസൂരു കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ മലയാളികളടക്കമുള്ള എൻജിനിയറിങ് വിദ്യാർഥികളാണെന്ന് സൂചന. മൂന്നുപേർ മലയാളികളും മറ്റൊരാൾ തമിഴ്‌നാട്ടുകാരനുമാണെന്ന് പോലീസ് സംശയിക്കുന്നു. നാലുപേരും കേരളത്തിൽ ഒളിവിൽ കഴിയുകയാണെന്നും ഇവരെ കസ്റ്റഡിയിലെടുക്കാൻ കർണാടക പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നുമാണ് വിവരം. കേസന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ ഡി.ജി.പി. പ്രവീൺ സൂദ് വെള്ളിയാഴ്ച മൈസൂരുവിലെത്തി. ഇരയായ പെൺകുട്ടി പറഞ്ഞത് ആറുപേരാണ് പ്രതികളുടെ സംഘത്തിലുണ്ടായിരുന്നത് എന്നാണ്. എന്നാൽ, നാലുപേരെക്കുറിച്ചുള്ള സൂചന മാത്രമാണ് പോലീസ് ഇപ്പോൾ നൽകുന്നത്. മൈസൂരുവിൽ പഠിക്കുന്ന പ്രതികൾ സംഭവദിവസം നഗരത്തിൽ ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ സ്ഥിരീകരിക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങളിൽനിന്നുള്ള വിവരം. കൃത്യം നടന്നതിന്റെ അടുത്തദിവസം പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന സംഘം മൈസൂരുവിൽനിന്ന് മുങ്ങിയിരുന്നു. ഇവരുടെ മൊബൈൽ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവസ്ഥലത്തുനിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യക്കാരിയായ എം.ബി.എ. വിദ്യാർഥിനിയാണ് ചൊവ്വാഴ്ച രാത്രി മൈസൂരു നഗരത്തിലെ ചാമുണ്ഡി മലയടിവാരത്ത് കൂട്ടബലാത്സംഗത്തിനിരയായത്. ഇപ്പോൾ ആശുപത്രിയിൽ കഴിയുകയാണ് വിദ്യാർഥിനി. ആരോഗ്യനില വീണ്ടെടുത്തെങ്കിലും ഇതുവരെ പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡി.ജി.പി. നേരിട്ടാണ് കേസന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നത്. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ ഇടപെട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3zrJZs2
via IFTTT