Breaking

Sunday, August 29, 2021

സി.പി.എം. നേതാവിന്റെ 4.5 കോടിയുടെ കടം മറ്റൊരു സഹകരണ ബാങ്ക് ഏറ്റെടുത്തത് വിവാദത്തിൽ

തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ തിരിച്ചടവ് മുടങ്ങിക്കിടന്നിരുന്ന സി.പി.എം. നേതാവിന്റെ നാലരക്കോടിയുടെ കടം സമീപപഞ്ചായത്തിലെ മറ്റൊരു സഹകരണ ബാങ്ക് ഏറ്റെടുത്തത് വിവാദത്തിൽ. 2021 മാർച്ചിലാണ് ഇൗ കടം ഏറ്റെടുത്തത്. എന്നാൽ, ഇതിനുമുന്പ് ഇൗ ബാങ്ക് സാമ്പത്തികപ്രതിസന്ധിയിൽപ്പെട്ടതിനാൽ ജനുവരി മുതൽ വായ്പ നൽകുന്നത് നിർത്തിവെച്ചിരുന്നു. അതിനിടെയാണ് മാർച്ചിൽ ഇൗ വലിയ കടം ഏറ്റെടുത്തത്. കടക്കെണിയിൽപ്പെട്ടുകിടക്കുന്ന ബാങ്കാണ് ഇത് തിരക്കിട്ട് ഏറ്റെടുത്തതെന്നതിനാൽ ഇതിനു പിന്നിൽ രാഷ്ട്രീയസമ്മർദമാണെന്ന് ആരോപണമുണ്ടായിരുന്നു. സി.പി.എം. ഭരിക്കുന്ന ഇൗ ബാങ്കിൽ ഭരണസമിതി കടമേറ്റെടുക്കലിന് അനുമതി നൽകുകയായിരുന്നു. കിഴുത്താണി സ്വദേശിയുടെ വായ്പ ഏറ്റെടുക്കുന്നതിനെതിരേ ഭരണസമിതിയിലെ നാലുപേർ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇത്‌ അവഗണിച്ചായിരുന്നു ഏറ്റെടുക്കൽ. ഏറ്റെടുത്ത നാലരക്കോടിക്കു പുറമേ ഇൗ നേതാവിന് ഇൗ ബാങ്കിൽ 50 ലക്ഷത്തിന്റെ മറ്റൊരു വായ്പയുമുണ്ട്. ഇൗ വായ്പയാകട്ടെ കാലങ്ങളായി കുടിശ്ശികയുമാണ്. ഇക്കാര്യം അവഗണിച്ചാണ് ഭീമമായ വായ്പ ഏറ്റെടുത്തത്.കരുവന്നൂർ ബാങ്കിലെ തട്ടിപ്പുകളെപ്പറ്റി അന്വേഷണം വരുമെന്നും പരിധി വിട്ട് ബിനാമി ഇടപാടിലൂടെ നാലരക്കോടി വായ്പയെടുത്ത നേതാവ് കുടുങ്ങുമെന്നും പാർട്ടിയുടെ പ്രതിച്ഛായ മോശമാകുമെന്നും കണ്ടെത്തിയാണ് വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റിയത്.നാലരക്കോടിയുടെ കടം ഏറ്റെടുത്തതുൾപ്പെടെ ഇൗ ബാങ്കിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കാറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രതീഷ് കുറുമാത്ത് സഹകരണ രജിസ്ട്രാർക്കും തൃശ്ശൂർ ജോയിന്റ് രജിസ്ട്രാർക്കും കത്തയച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3DrP1HC
via IFTTT