Breaking

Sunday, August 29, 2021

നെഹ്രുവിനെ തഴഞ്ഞ് ചരിത്ര കൗൺസിൽ; പോസ്റ്ററിൽ സവർക്കറും പട്ടേലും മാളവ്യയും

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ(അമൃത മഹോത്സവ്) പരിപാടിയിലെ പോസ്റ്ററിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിനെ ഒഴിവാക്കി ചരിത്രകൗൺസിൽ. മഹാത്മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഡോ. ബി.ആർ. അംബേദ്കർ, സർദാർ വല്ലഭ് ഭായ് പട്ടേൽ, രാജേന്ദ്ര പ്രസാദ്, മദൻ മോഹൻ മാളവ്യ, സവർക്കർ എന്നിവർ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ഐ.സി.എച്ച്.ആർ.) പോസ്റ്ററിൽ ഇടം പിടിച്ചു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരുൾപ്പെടെ 387 പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് നീക്കിയ ചരിത്രകൗൺസിലിന്റെ നടപടി ഈയിടെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് സ്വാതന്ത്ര്യസമരചരിത്രത്തിലെ മുൻനിരക്കാരനായ നെഹ്റുവിനെയും ഒഴിവാക്കിയത്. കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്ററിനെതിരേ ശനിയാഴ്ച കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. അപലപനീയമായ ഈ നടപടി സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമറിയാവുന്ന ലോകരാജ്യങ്ങളുടെ ഇടയിൽ നരേന്ദ്ര മോദി സർക്കാരിനെ അപഹാസ്യമാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ചരിത്ര കൗൺസിൽ കേന്ദ്രസർക്കാരിന്റെ ചട്ടുകമാവുകയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ സ്വാതന്ത്ര്യസമരത്തിൽ നെഹ്രുവിന് പങ്കില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ചരിത്ര കൗൺസിൽ എന്ന മഹത്തായ സ്ഥാപനം ചരിത്രം തിരുത്താൻ ശ്രമിച്ച് തരംതാഴുകയാണെന്നും പോസ്റ്ററിൽ ഫോട്ടോ ഒഴിവാക്കിയാൽ ഇല്ലാതാവുന്നതല്ല രാഷ്ട്രശില്പിയായ നെഹ്രുവിന്റെ സംഭാവനകളെന്നും ആന്റണി പറഞ്ഞു. നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയതിലൂടെ ചരിത്ര കൗൺസിൽ സ്വയം വിലകുറച്ചതായി ശശി തരൂർ അഭിപ്രായപ്പെട്ടു. നെഹ്രുവിനെ ഒഴിവാക്കി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്നത് അപമാനകരമാണ്. ചരിത്ര കൗൺസിൽ ഒരിക്കൽക്കൂടി അപഹാസ്യമായെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലിന്റെ നടപടി നികൃഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു. ഒരു രാജ്യവും ആദ്യ പ്രധാനമന്ത്രിയെ സ്വാതന്ത്ര്യസമരത്തിന്റെ വെബ്സൈറ്റിൽ നിന്നൊഴിവാക്കില്ലെന്നു ചൂണ്ടിക്കാട്ടിയ കോൺഗ്രസ് വക്താവ് ഗൗരവ് ഗൊഗോയ് നടപടി അനീതിയാണെന്ന് അഭിപ്രായപ്പെട്ടു. കുള്ളൻ എപ്പോഴും കുള്ളനായിരിക്കും, നെഹ്രുവിന്റെ ഫോട്ടോ ഒഴിവാക്കിയതുകൊണ്ട് നില മാറില്ലെന്നായിരുന്നു പവൻ ഖേരയുടെ പ്രതികരണം.


from mathrubhumi.latestnews.rssfeed https://ift.tt/3mLyJ6r
via IFTTT