Breaking

Saturday, August 28, 2021

മകനുവേണ്ടി അമ്മയെഴുതി, അപ്പുവിന് ഇനി ആഗ്രഹംപോലെ പഠിക്കാം

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ മകൻ അപ്പുവിനു വേണ്ടിയാണ് അമ്മ സിബി പൗലോസ് ജോളി ആ കുറിപ്പിട്ടത്. ഭിന്നശേഷിക്കാരായ മക്കളുള്ള എല്ലാ അമ്മമാരുടെയും വേദന കൂടിയായിരുന്നു സാമൂഹിക മാധ്യമ കുറിപ്പിലെ ആ വാക്കുകൾ. അതിഥ് ആന്റണി ജോളിയെന്ന അപ്പുവിന് ഇഷ്ടപ്പെട്ട കോഴ്‌സിനുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ജീവനക്കാരനിൽനിന്നുണ്ടായ നോവിക്കുന്ന അനുഭവക്കുറിപ്പ് കണ്ട് ടൂറിസം സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണു എഴുതി: ‘‘അപ്പുവിന് തൊടുപുഴ എഫ്.സി.ഐ.യിൽ ഫുഡ് പ്രൊഡക്‌ഷൻ പഠിക്കാൻ പ്രവേശനം നൽകും. ഇൻസെൻസിറ്റീവ് ആയ രീതിയിൽ ഒരു ഉദ്യോഗസ്ഥൻ പെരുമാറിയതിൽ ഖേദിക്കുന്നു.’’ ഇക്കാര്യമറിഞ്ഞ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അപ്പുവിനെയും അമ്മയെയും വിളിച്ച് ആശ്വസിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അമ്മയോടൊപ്പം തൊടുപുഴയിലെ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ അപ്പുവിന് പ്രവേശനം ലഭിച്ചു. ഇനി ആഗ്രഹംപോലെ പഠിക്കാം.പിറവം പാമ്പാക്കുട സ്വദേശിയായ ജോളി വർഗീസിന്റെയും സിബി പൗലോസിന്റെയും പ്ലസ്ടു പാസായ മകൻ അപ്പുവിന് കൂട്ടിവായിക്കാനും പറയുന്നതുകേട്ട് എഴുതാനും സാധിക്കില്ല. മകന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് വീടിനടുത്തുള്ള തൊടുപുഴ മങ്ങാട്ടുകവലയിൽ വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള കോളേജിലെ നമ്പറിൽ സിബി പൗലോസ് വിളിച്ചപ്പോഴായിരുന്നു ജീവനക്കാരന്റെ പരിഹാസരീതിയിലുള്ള മറുപടി. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ എങ്ങനെ എഴുതിയെന്നായിരുന്നു ആദ്യചോദ്യം. സ്‌ക്രൈബ് ഉണ്ടായിരുന്നുവെന്ന് മറുപടി നൽകി. രണ്ടുവർഷം മുൻപുവരെ ഫുഡ് ക്രാഫ്റ്റ് കോഴ്‌സിന് സ്‌ക്രൈബ് ഉണ്ടായിരുന്നു. ഇപ്പോഴില്ലെന്നും പറഞ്ഞു. തിയറി ക്ലാസ് കുറവുള്ളതുകൊണ്ടാണ് ഈ കോഴ്‌സ് തിരഞ്ഞെടുത്തതെന്ന് സിബി അറിയിച്ചു. ‘‘ആ ഒന്നുവന്ന് നോക്ക്... ഞാൻ ഒന്ന് നോക്കട്ടെ’’യെന്ന മറുപടികേട്ട് എല്ലാ പ്രതീക്ഷകളും തീർന്നുപോയിരുന്നുവെന്ന് സിബി പറയുന്നു.എങ്കിലും സിബി തന്റെ അനുജത്തിക്കൊപ്പം അപ്പുവിനെ കോളേജിൽ അഭിമുഖത്തിന് പറഞ്ഞയച്ചു. ഈ കോഴ്‌സ് പഠിക്കണമെങ്കിൽ എഴുതാനും വായിക്കാനും അറിയണം, കൂടാതെ ഇംഗ്ലീഷും ഫ്രഞ്ചും ഭാഷകൾ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് അവർ പറഞ്ഞു.സ്പെഷ്യൽ എജ്യുക്കേഷൻ വിഭാഗത്തിനുള്ള കോഴ്‌സ് വരും അപ്പോൾ ചേരാമെന്നു പറഞ്ഞ് അവർ അപ്പുവിനെ തിരിച്ചയച്ചു. ഇതോടെയാണ് ഭിന്നശേഷിക്കാരനായ മകനും അവനെപ്പോലുള്ളവരും നേരിടുന്ന അവഗണനയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ സിബി കുറിപ്പിട്ടത്. ഇതു വൈറലായതോടെ ടൂറിസം സെക്രട്ടറി വി. വേണു ഇടപെട്ട് അപ്പുവിന് പഠിക്കാൻ അവസരം നൽകുമെന്ന് ഉറപ്പുനൽകി. അന്വേഷണം നടത്താൻ നിർദേശിച്ച് ഖേദം പ്രകടിപ്പിച്ചു. പിന്നാലെ വിളിച്ച മന്ത്രി മുഹമ്മദ് റിയാസ് സ്‌ക്രൈബ് സംവിധാനം ഇത്തരം കോഴ്‌സുകളിൽ സ്ഥിരമായി ഏർപ്പെടുത്താൻ സാധിക്കുമോയെന്നു പരിശോധിക്കുമെന്ന് ഉറപ്പുനൽകിയെന്നും സിബി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2XYtZ2V
via IFTTT