Breaking

Saturday, August 28, 2021

ബി.ജെ.പി.ക്ക് 50 ശതമാനം വരുമാന വർധന; കോൺഗ്രസിന്റേത് 25 ശതമാനം കുറഞ്ഞു

ന്യൂഡൽഹി: കേന്ദ്രവും പത്തു സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി.യുടെ വരുമാനം ഒരുവർഷം കൊണ്ട് 50 ശതമാനത്തിലേറെ വർധിച്ചപ്പോൾ മൂന്നു സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലുള്ള കോൺഗ്രസിന്റേത് 25.7 ശതമാനം കുറഞ്ഞു. രാജ്യത്തെ ദേശീയ പാർട്ടികളുടെ ആകെ വരുമാനത്തിൽ 76 ശതമാനവും ബി.ജെ.പി.ക്കാണ്. 2019-'20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഏഴ് ദേശീയ പാർട്ടികൾക്കുംകൂടി ആകെ ലഭിച്ചത് 4758 കോടി രൂപയാണ്. അതിൽ 3623 കോടിയും ബി.ജെ.പി.ക്കാണ് കിട്ടിയത്. വിവിധ ഉറവിടങ്ങളിൽ നിന്നായി 2018-'19-ൽ ബി.ജെ.പി.ക്ക് 2410 കോടി രൂപ ലഭിച്ചത് തൊട്ടടുത്ത സാമ്പത്തികവർഷം 50.34 ശതമാനം വർധിച്ചു. കോൺഗ്രസിന് ഇതേ കാലയളവിലെ വരുമാനം 918 കോടി രൂപയിൽ നിന്ന് 682 കോടിയായി കുറഞ്ഞു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് കണക്കുകൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയത്. സി.പി.എമ്മിന് 2018-'19-ൽ 100 കോടി രൂപയായിരുന്നത് അടുത്ത സാമ്പത്തികവർഷം 158 കോടിയായി. എൻ.സി.പി.യുടേത് 50 കോടിയിൽനിന്ന് 85 കോടിയായും വർധിച്ചു. ശതമാനക്കണക്കിൽ ഏറ്റവും വരുമാനം വർധിച്ചത് (68.77 ശതമാനം) എൻ.സി.പി.ക്കാണ്. തൃണമൂൽ കോൺഗ്രസിന്റെ വരുമാനം 192 കോടിയിൽ നിന്ന് 143 കോടിയായി കുറഞ്ഞു. ബി.എസ്.പി.യുടേത് 69 കോടിയിൽനിന്ന് 58 കോടിയായും സി.പി.ഐ.യുടേത് 7.15 കോടിയിൽ നിന്ന് 6.58 കോടിയായും കുറഞ്ഞു. സംഭാവന നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തേണ്ടതില്ലാത്തതിനാൽ പണം സ്വീകരിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ ഏറ്റവും ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുപ്പ് ബോണ്ടുകളാണെന്ന് കണക്കുകളിൽ വ്യക്തം. ദേശീയപ്പാർട്ടികളുടെ വരുമാനത്തിൽ 63 ശതമാനത്തോളവും ബോണ്ടുകളിൽ നിന്നാണ്. ബി.ജെ.പി.ക്ക് 2555 കോടിയും കോൺഗ്രസിന് 317.86 കോടിയും ബോണ്ടുകൾ വഴിയാണ്. അതേസമയം, സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും ബി.എസ്.പി.യുടെയും വരുമാനം സംഭാവനകളും മറ്റ് മാർഗങ്ങളിൽ നിന്നുള്ളതുമാണ്. കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പ് ബോണ്ടിനെതിരേ രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ സുതാര്യത ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസിന്റെ ആകെ വരുമാനത്തിൽ പകുതിയോളം തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയാണ് വന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3Bmy6UP
via IFTTT